'കിതാബി'നെ പിന്തുണച്ചവര്‍ സ്വന്തം അഭിപ്രായം പുനഃപരിഗണനക്ക് വിധേയമാക്കണം: സച്ചിതാനന്ദന്‍
കോഴിക്കോട്: കിതാബിനെ പിന്തുണച്ചവര്‍ സ്വന്തം അഭിപ്രായം പുനഃപരിഗണനക്ക് വിധേയമാക്കണമെന്ന് കവിയും എഴുത്തുകാരനുമായ കെ. സച്ചിതാനന്ദന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സച്ചിതാനന്ദന്‍ അഭിപ്രായം രേഖപ്പെടുത്തിയത്. നേരത്തെ കിതാബിനെ പിന്തുണച്ചുകൊണ്ട് കവി സച്ചിതാനന്ദന്റെ പേരിലുള്‍പ്പെടെയുള്ള എഴുത്തുകാരുടേതായി ഒരു കുറിപ്പ് പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കവി തന്റെ നിലപാട് വ്യക്തമാക്കിയത്.
സച്ചിതാനന്ദന്റെ കുറിപ്പ് ഇങ്ങനെ: ഉണ്ണി. ആര്‍ എനിക്കെഴുതിയ കത്തില്‍ നിന്ന് 'വാങ്ക് എന്ന എന്റെ കഥ അനുവാദമില്ലാതെ അവര്‍ കിതാബ് എന്ന നാടകമാക്കിയതോടെ ആ കഥ സിനിമയാക്കാന്‍ ആഗ്രഹിച്ച രണ്ട് പെണ്‍കുട്ടികളുടെ സ്വപ്നം കൂടിയാണ് ഇല്ലാതായത്.
ഒരുപാട് നിര്‍മാതാക്കളെ കണ്ട ശേഷമാണ് ഒരു കോര്‍പ്പറേറ്റ് കമ്പനി വാങ്ക് നിര്‍മിക്കാം എന്ന കരാര്‍ ഒപ്പുവച്ചത്. കിതാബ് എന്ന നാടകം അവതരിപ്പിച്ചതോടെ കരാര്‍ റദ്ദ് ചെയ്യപ്പെട്ടു. ഇനി എല്ലാം ഒന്നേ എന്ന് തുടങ്ങണം.
ഇസ്‌ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കുന്ന കിതാബ് എന്ന നാടകത്തിന് എന്റെ കഥയുടെ പെണ്‍ ആത്മീയത മനസിലായിട്ടുപോലുമില്ല .' ശ്രീ എന്‍.എസ് മാധവന്‍ മനോരമ ഓണ്‍ലൈനില്‍ എഴുതിയ ഒരു ലേഖനത്തിലും ചില ഗൗരവമുള്ള നൈതികരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നാടകം ഇസ്‌ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കുന്നു എന്നതുള്‍പ്പെടെ. കഥയുടെ രാഷ്ട്രീയ വിവക്ഷകള്‍ അങ്ങിനെ മാറിപ്പോകുന്നു എന്നും. കിതാബ് നാടകം തടയേണ്ടതില്ലായിരുന്നു എന്ന് അഭിപ്രായം പറയുമ്പോള്‍ ഈ വസ്തുതകള്‍ പലതും എനിക്കുമുന്നില്‍ ഇല്ലായിരുന്നു.
നാടകം എനിക്ക് കാണാനും അവസരം ഉണ്ടായിട്ടില്ല. നാടകം കളിക്കാന്‍ കാത്തിരുന്ന ആ കുട്ടികളുടെ വേദന മാത്രമായിരുന്നു മനസില്‍. അതിനുവേണ്ടി ഒപ്പിട്ടവര്‍ എല്ലാം ഈ വസ്തുതകള്‍ കണക്കിലെടുക്കുമെന്നും സ്വന്തം അഭിപ്രായം പുനഃപരിഗണനയ്ക്ക് വിധേയമാക്കുമെന്നും പ്രതീക്ഷിക്കുന്നു'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."