ശബരിമല നിരോധനാജ്ഞ: പ്രതിപക്ഷ ബഹളം, സഭ ഇന്നും പിരിഞ്ഞു
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയെച്ചൊല്ലി പ്രതിപക്ഷബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് സഭ ഇന്നും പിരിഞ്ഞു. ആറാം ദിവസമാണ് സഭാ നടപടികള്‍ തടസ്സപ്പെടുന്നത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹം ചെയ്യുന്ന എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പിന്നീട് ബാനറുകളും പ്ലക്കാര്‍ഡുകളുമായി സ്പീക്കറുടെ ഡയസിനു മുന്നില്‍ എത്തിയ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.
സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എല്ലാ ദിവസവും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് പ്രതിപക്ഷമെത്തിയത്.
എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, ജയരാജ് എന്നിവര്‍ നിയമസഭക്കു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തോട് തീര്‍ത്തും നിഷേധാത്മക നിലപാടാണ് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചത്.
എം.എല്‍.എ മാരുടെയും എ.എന്‍ രാധാകൃഷ്ണന്റെയും സമരം അവസാനിപ്പിക്കാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പി.സി ജോര്‍ജ്ജും ഒ രാജഗോപാലും സഭയില്‍ നിന്നിറങ്ങിപോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."