സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി; കരട് പട്ടികയില്‍ വ്യാപകപരാതികള്‍
കല്‍പ്പറ്റ: സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും അഞ്ച് വര്‍ഷത്തിനകം പാര്‍പ്പിടമൊരുക്കാന്‍ ലക്ഷ്യംവച്ച്് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിക്കായി തയാറാക്കിയ പട്ടികയില്‍ പരാതികളുടെ പ്രളയം. കഴിഞ്ഞ ദിവസം ലൈഫ് മിഷന് പുറത്തിറക്കിയ കരട് അര്‍ഹതാ പട്ടികയിലാണ് വ്യാപക പരാതികള്‍ ഉയരുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ഫീല്‍ഡ് പരിശോധന നടത്തി തയാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയില്‍ അര്‍ഹതപ്പെട്ടവര്‍ വ്യാപകമായി പുറത്തായതായും അനര്‍ഹര്‍ കടന്നു കൂടിയതായും ആക്ഷേപം.
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായുള്ള സര്‍വേ ഫെബ്രുവരിയിലാണ് നടത്തിയത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ജീവനോപാധിയോട് കൂടിയ ഫ്ളാറ്റുകളും വീടില്ലാത്തവര്‍ക്ക് 600 ചതുരശ്ര അടിയിലുള്ള വീടുകളും അടുത്ത അഞ്ചുവര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് എന്ന പേരിലുള്ള പാര്‍പ്പിട പദ്ധതിയുടെ ഗുണഭോക്താക്കളുടെ 2017-18 വര്‍ഷത്തേക്കുള്ള കരട് പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സെന്‍സസില്‍ ഭവനരഹിതരായി കണ്ടെത്തിയവരുടെയും അടുത്തകാലത്തായി ത്രിതലപഞ്ചായത്തുകള്‍ തയാറാക്കിയ ഭവനരഹിതരുടെ പട്ടികയും ആസ്പദമാക്കിയാണ് സര്‍വേ നടത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, മാരകരോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, വിധവകള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ഇത്തരത്തില്‍ നല്കിയ 1200പേരുടെ പട്ടികയില്‍ നിന്നു 132 പേരാണ് കരട് പട്ടികയില്‍ വന്നത്. ചില വാര്‍ഡുകളില്‍ ഏറ്റവും അര്‍ഹതപ്പെട്ടതായി കണ്ടതിനെ തുടര്‍ന്ന് ഒന്നാംസ്ഥാനം നല്‍കിയവര്‍പോലും പട്ടികയില്‍ നിന്നു പുറത്തുപോയി. മറ്റു പഞ്ചായത്തുകളിലും ഇതേരീതിയിലാണ് പട്ടിക പുറത്തിറക്കിയത്. സ്വന്തമായി റേഷന്കാര്ഡില്ലെന്നതിന്റെ പേരില്‍ പല അര്‍ഹരും പട്ടികിയില്‍ നിന്നു പുറത്ത് പോയതായും ഇത് സര്‍ക്കാര്‍ ലക്ഷ്യം നിറവേറുന്നതിന് തടസമാകുമെന്നും പരാതിയുണ്ട്.
ഇപ്പോള്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ അപ്പീല്‍ നല്‍കാനുള്ള അവസാന തിയതി ഈ മാസം പത്താണ്.
ഇതിന് ശേഷം അപ്പീലുകള്‍ പരിഗണിച്ചുകൊണ്ട് നിലവിലെ ലിസ്റ്റില്‍ മാറ്റം വരുത്താതെ പുതിയ പട്ടിക പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിയായിരിക്കും പരാതികള്‍ പരിഗണിക്കുക. ഇതിന് ശേഷം 20 ന് പ്രസിദ്ധീകരിക്കുന്ന പുതിയ പട്ടികയിലും പരാതിയുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. സെപ്റ്റംബര്‍ 25 നാണ് ഗ്രാമസഭയുടെ അംഗീകാരത്തോടെയുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ നിര്‍മാണം പാതി വഴിയല്‍ ഉപേക്ഷിച്ച വീട് നിര്‍മാണത്തിനായിരിക്കും മുന്‍ഗണന ലഭിക്കുകയെന്നാണ് സൂചന. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന പദ്ധതി നിലവിലുള്ളതിനാല്‍ ഈ വര്‍ഷവും പഞ്ചായത്തുകള്‍ ഭവന പദ്ധതി നടപ്പിലാക്കുന്നില്ല. ഇതോടെ വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാവാന്‍ കാത്തിരിപ്പ് ഇനിയും ദീര്‍ഘകാലം തുടരേണ്ടി വരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."