ചെരിപ്പിനുള്ളിലെ കളിമണ്‍ വസ്തുവില്നിന്ന് വേര്‍തിരിച്ചെടുത്തത് 35 ലക്ഷത്തിന്റെ സ്വര്‍ണം
കൊണ്ടോട്ടി: കരിപ്പൂരില്‍ യാത്രക്കാരന്റെ ചെരിപ്പിനുള്ളിലെ കളിമണ്‍ വസ്തുവില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം വേര്‍തിരിച്ചെടുത്തത് 35 ലക്ഷം രൂപയുടെ സ്വര്‍ണം. ഇന്നലെ രാവിലെ എട്ടിന് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കാക്കൂര്‍ സ്വദേശി കുഞ്ഞായിന്‍ കോയ(33)യില്‍ നിന്നാണ് സ്വര്‍ണം ഒളിപ്പിച്ച ചെരിപ്പ് ഡി.ആര്.ഐ സംഘം കണ്ടെത്തിയത്.
ധരിച്ച ചെരിപ്പിനുള്ളില്‍ കളിമണ്ണിന്റെ രൂപത്തിലുള്ള വസ്തുവില്‍ സ്വര്‍ണം തരികളാക്കി ഒളിപ്പിച്ച രീതിയിലായിരുന്നു. ഇത് വേര്‍തിരിച്ചെടുക്കാനും മൂല്യം കണക്കാക്കാനും ഡി.ആര്.ഐ സംഘം ഏറെ പണിപെട്ടു. പിന്നീട് സ്വര്‍ണത്തൊഴിലാളിയുടെ സഹായത്തോടെ സ്വര്‍ണത്തരികള്‍ വേര്‍തിരിച്ചെടുക്കുകയായിരുന്നു. 24 കാരറ്റുളള 1.23 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്.ഇവ മാര്‍ക്കറ്റില്‍ 35ലക്ഷം രൂപ വിലലഭിക്കും. സ്വര്‍ണക്കടത്തിന് പുതിയ തന്ത്രങ്ങളും വിദ്യകളും മെനഞ്ഞ് കള്ളക്കടത്ത് സംഘം വീണ്ടും കരിപ്പൂരില്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 30 കിലോക്ക് മുകളില്‍ സ്വര്‍ണമാണ് കരിപ്പൂരില്‍ പിടികൂടിയത്. അതിവിദഗ്ധമായി സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ രീതിയാണ് ഇന്നലെ കണ്ടെത്തിയത്. അടിവസ്ത്രത്തിലും ശരീരത്തിലും ഇലക്ട്രോണിക് യന്ത്രങ്ങളിലും സ്വര്‍ണം കടത്തിയതില്‍ നിന്ന് വ്യത്യസ്തമായി ചെരിപ്പിനുള്ളില്‍ തരികളാക്കിയുള്ള സ്വര്‍ണക്കടത്ത് അധികൃതരേയും അമ്പരപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."