അനധികൃതമായി പ്രവര്‍ത്തിക്കുന്ന മണല്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവ്
വടകര: പ്രദേശവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒഞ്ചിയത്തെ മണല്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഒക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
ഒഞ്ചിയം അമ്പലപ്പറമ്പ് വയനോളിത്താഴ റോഡിന്റെ സമീപത്ത് പ്രവൃത്തിക്കുന്ന മണ്ടോടി ട്രേഡേഴ്‌സിനെതിരായാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. പാറപ്പൊടി, മണല്‍, സിമന്റ്, ജില്ലി എന്നിവ ശേഖരിച്ച് വില്‍പന നടത്തുന്ന സ്ഥാപനമാണിത്.
ദിവസവും കാലത്ത് നാല് മണി മുതല്‍ രാത്രി ഒരു മണി വരെ സമയ വ്യത്യാസമില്ലാതെ സാധനങ്ങള്‍ വലിയ വാഹനങ്ങളില്‍ കൊണ്ട് വന്ന് ഇറക്കുകയും, കയറ്റുകയും ചെയ്യുകയാണ്. എന്നാല്‍ ഈ സാധനങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സമയങ്ങളില്‍ വലിയ തോതില്‍ പൊടിപടലവും, പുകയും, ശബ്ദവും കാരണം പ്രദേശവാസികള്‍ക്ക് ആസ്ത്മ പോലുള്ള രോഗങ്ങള്‍ പിടിപെട്ടിരിക്കുകയാണന്നാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്.
മാത്രമല്ല സ്ഥാപനത്തിന്റെ കോംപൗണ്ടില്‍ ജലക്ഷാമമുള്ള പ്രദേശത്തിനെ അവഗണിച്ച് കൊണ്ട് വലിയ കിണറ് കുഴിച്ച് അനുദിനം സ്ഥാപനത്തിന്റെ ഉടമയുടെയും അല്ലാത്തതുമായ ഇരുപത്തിയഞ്ചോളം വാഹനങ്ങള്‍ വൃത്തിയാക്കുകയും, ജലമലിനീകരണമുണ്ടാക്കുകയും ചെയ്യുകയാണ്.
കഴിഞ്ഞ വേനലില്‍ വെള്ളം വാഹനങ്ങളില്‍ കൊണ്ടുപോയി വില്‍പന നടത്തിയത് മൂലം മറ്റു കിണറുകള്‍ വറ്റിയതായും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
പരാതിയുടെ അടിസ്ഥാനത്താല്‍ പഞ്ചായത്ത്, നാട്ടുകാര്‍, സ്ഥാപനമുടമ എന്നിവരെ ആര്‍.ഡി.ഒ ചര്‍ച്ചക്ക് വിളിക്കുകയും തുടര്‍ന്ന് വാദം കേട്ട ശേഷം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലായതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാനുള്ള ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയതെന്ന് ആര്‍.ഡി.ഒ വി.പി അബ്ദുറഹിമാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."