സ്വകാര്യബസുകളിലും ഇനി വനിതാ കണ്ടക്ടര്‍മാര്‍
കാക്കനാട് : സ്വകാര്യ ബസ് വനിതാ കണ്ടക്ടര്‍മാരായി ലിനിയും ലാലി സേവ്യറും ജോലിയില്‍ പ്രവേശിച്ചതോടെ വളയിട്ട കൈകള്‍ മേല്‍നോട്ടം വഹിക്കുന്ന മേഖലയായി സ്വകാര്യ ബസ് സര്‍വീസും മാറി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ ബസുകളില്‍ എറണകുളം ആര്‍.ടി.ഒ പി.എച്ച് സാദിഖ് അലി, എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ സുരേഷ്‌കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വനിതാ കണ്ടക്ടര്‍മാരെ നിയോഗിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം നിര്‍വഹിച്ചു.
ബസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അംഗമായ എ.എ ഇബ്രാഹിംകുട്ടിയുടെ ഉടമസ്ഥതയില്‍ ഉള്ള കൊച്ചിന്‍ ബസ്സിലാണ് ആദ്യ നിയമനം നടന്നത്. പുതിയ വനിതാ കണ്ടക്ടര്‍മാരില്‍ നിന്നും ടിക്കറ്റ് സ്വീകരിച്ച് ജില്ലാ കലക്ടറും, വാഹന വകുപ്പു ഉദ്ദോഗസ്ഥരും, ആദ്യ യാത്രക്കു സാക്ഷ്യം വഹിച്ചു. മോട്ടോര്‍ വാഹന വകുപ്പ് കുടുംബശ്രീ സംയുക്ത സംരംഭം ആയി തൊണ്ണൂറു വനിത കണ്ടക്ടര്‍മാരാണ് എറണാകുളം ആര്‍.ടി.ഒ യുടെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.
രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിക്ക് ജോലി അവസാനിക്കുന്ന നിലയില്‍ വനിതാ കണ്ടക്ടര്‍മാരുടെ സമയ ക്രമീകരണമെന്നും ബസ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യ ബസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ബി സത്യന്‍, ജില്ലാ സെക്രട്ടറി കെ.ബി സുനീര്‍, ജില്ലാ കമ്മറ്റി അംഗം എ.എ ഇബ്രാഹിംകുട്ടി, ഭാരവാഹികളായ ഇ.കെ ഉമ്മര്‍, സി.എ റഹിം, കൃഷ്ണന്‍കുട്ടി, പരീത് കുഞ്ഞ്, ഷാന അബ്ദു, സഫര്‍, എന്‍.കെ കെരിം തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."