യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവം; അഞ്ചു പേര്‍ പിടിയില്‍
വടകര: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ചോറോട് മുട്ടുങ്ങല്‍ കക്കാട്ടെ രണ്ടു യുവാക്കളെ കെട്ടിയിട്ട് നഗ്നരാക്കി മര്‍ദിച്ച സംഭവത്തില്‍ അക്രമിസംഘം പിടിയില്‍. അഞ്ചുപേരടങ്ങുന്ന അക്രമികളെ ബംഗളൂരുവില്‍ നിന്നാണ് വടകര പൊലിസ് ഇന്‍സ്‌പെക്ടര്‍ ടി. മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കക്കാട്ട് നജാഫ്, മീത്തലങ്ങാടിയിലെ റഹീസ് എന്ന മൊയ്തീന്‍, അഫ്‌നാസ് താഴത്ത്, അഴിത്തല സ്വദേശികളായ ഷംമാദ്, അജ്‌നാസ് എന്നിവരാണു പിടിയിലായത്. കഴിഞ്ഞമാസം 12നു പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. സൂഹൃത്തുക്കളായ കക്കാട്ടെ കൈതക്കണ്ടി റാഷിദും ബറാത്തീന്റവിട ഫാജിസുമാണ് ഹീനമായ അക്രമത്തിനിരയായത്. ഇരുവരെയും വീടുകളില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ കടുത്ത ക്രൂരതയാണ് ഇവരോടു കാണിച്ചത്. മരത്തില്‍ കെട്ടിയിട്ട് ദേഹമാസകലം തല്ലിയതിനു പുറമെ ഇരുവരെയും പൂര്‍ണനഗ്നരായി നിര്‍ത്തുകയുമുണ്ടായി. ഓട്ടോ ഡ്രൈവറായ റാഷിദിനെ സംഭവദിവസം പുലര്‍ച്ചെ രണ്ടരക്ക് ഓട്ടം പോകാനുണ്ടെന്നു പറഞ്ഞ് വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ മീത്തലങ്ങാടി ജുമുഅത്ത് പള്ളിക്കു പിന്നിലെ കാട്ടില്‍ കൊണ്ടുപോയ ശേഷം മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതക്കുകയായിരുന്നു. പിന്നീട് ഫാജിസിനെ കൂട്ടിക്കൊണ്ടു വന്ന ശേഷം ഫാജിസിനു നേരെയായി മര്‍ദനം. പെണ്‍കുട്ടിയുമായി റാഷിദിനുള്ള പ്രണയ വിവരം ചോദിച്ചുകൊണ്ടായിരുന്നു അക്രമികള്‍ ഇരുവരെയും തല്ലിച്ചതച്ചത്. ഇതിനിടയില്‍ ഫാജിസ് ഓടിരക്ഷപ്പെട്ടു. കൈയുടെ എല്ലുപൊട്ടി അവശനിലയിലായ റാഷിദിനെ ഓട്ടോറിക്ഷയില്‍ വീടിനു മുന്നില്‍ തള്ളിയ ശേഷം അക്രമിസംഘം സ്ഥലംവിടുകയായിരുന്നു. പ്രതികള്‍ക്ക് സഹായം ചെയ്ത മുട്ടുങ്ങല്‍ സ്വദേശികളായ വിവേക്, ഷറഫുദ്ദീന്‍, അടിവാരം സ്വദേശി ഉനൈസ് എന്നിവരെ കഴിഞ്ഞമാസം പൊലിസ് പിടികൂടിയിരുന്നു. ഇതിനു ശേഷവും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെതിരേ നാട്ടുകാരില്‍ പ്രതിഷേധം നിലനില്‍ക്കെയാണ് അഞ്ചു പ്രതികളും വലയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."