അധികൃതരുടെ ക്രൂരത; നവജാതശിശുവിന്റെ മൃതദേഹം നാല് മാസമായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍
വടക്കാഞ്ചേരി: അധികൃതരുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയ്ക്കിരയായി നവജാത ശിശു. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം നാലു മാസമായി മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്. നിയമത്തിന്റെ നൂലാമാലകളില്‍പെട്ട് മൃതദേഹ സംസ്‌കാരത്തിന് ഒരു നടപടിയും ഇതുവരെ ഉണ്ടാകുന്നുമില്ല. മരണശേഷം കുഞ്ഞിന്റെ മൃതദേഹം അമ്മയോ ബന്ധുക്കളോ ഏറ്റെടുക്കാന്‍ തയാറായില്ല. മൃതദേഹം ആശുപത്രിയിലെ പ്രസവ ശുശ്രൂഷ വിഭാഗത്തില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ കടന്ന് കളയുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ രേഷ്മ എന്നാണ് കുഞ്ഞിന്റെ അമ്മ പേര്‍ നല്‍കിയിട്ടുള്ളത്. മൃതദേഹം ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞ സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുള്ളതിനാല്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാലു മാസമായ മൃതദേഹം ഇനിയും സൂക്ഷിക്കുന്നത് ഫോറന്‍സിക് വിഭാഗത്തിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിയ്ക്കുന്നത്. അധികനാള്‍ മൃതദേഹം സൂക്ഷിച്ചാല്‍ കേടാകുന്നതിന് പുറമെ ഫ്രീസറിനും തകരാര്‍ സംഭവിക്കും. ഇതിന് പുറമെ മറ്റ് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത ബുദ്ധിമുട്ടും ഉടലെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കരിക്കേണ്ട ചുമതല പൊലിസിനാണ്. മൃതദേഹം സംസ്‌കരിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഫോറന്‍സിക് വിഭാഗം ബന്ധപ്പെട്ടവര്‍ക്കെല്ലാം കത്ത് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയില്ലാത്ത സ്ഥിതിയാണ്. അധികൃതരുടെ ക്രൂരത കടുത്ത മനുഷ്യാവകാശ ലംഘനത്തിനും വഴിവെയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."