പ്രീമിയം ഈടാക്കിയിട്ടും കാന്‍സര്‍ ബാധിതയ്ക്ക് തുക നല്‍കിയില്ല ; ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ നടപടി നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ആലപ്പുഴ : അധ്യാപികയുടെ ശമ്പളത്തില്‍ നിന്നും മാസംതോറും പ്രീമിയം ഈടാക്കിയ ശേഷം ഇന്‍ഷ്വറന്‍സ് പോളിസി ലാപ്‌സായെന്ന ന്യായം പറഞ്ഞ് കാന്‍സര്‍ രോഗബാധിതയായി മരിച്ച പ്രാധാനാധ്യാപികയുടെ ഭര്‍ത്താവിന് ഇന്‍ഷ്വറന്‍സ് തുക നല്‍കാത്ത നടപടി നിയമവിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഇന്‍ഷ്വറന്‍സ് വകുപ്പാണ് ചെങ്ങന്നൂര്‍ തലപ്പനങ്ങാട് എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന സിനി എം. അനിയുടെ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ഭര്‍ത്താവിന് നല്‍കാതിരുന്നത്. അധ്യാപികയുടെ ശമ്പളത്തില്‍ നിന്നും പ്രീമിയം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പോളിസി കാലഹരണപ്പെട്ടതല്ലെന്ന് വ്യക്തമാണെന്ന് കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഇന്‍ഷ്വറന്‍സ് സ്ഥാപനം കൈപ്പറ്റിയ മുഴുവന്‍ തുകയും അടങ്ങുന്ന അഷ്വേഡ് തുക അധ്യാപികയുടെ ഭര്‍ത്താവ് പാണ്ടനാട് സ്വദേശി ജെയിംസ് ജി. കുര്യന്‍ അടിയന്തിരമായി നല്‍കണമെന്നും കമ്മീഷന്‍ ആലപ്പുഴ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാലഹരണപ്പെട്ട പോളിസി പുന:രുജ്ജീവിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പോളിസി സര്‍ട്ടിഫിക്കേറ്റിലും പാസ്ബുക്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് പാലിക്കാതിരുന്നാല്‍ അഷ്വര്‍ ചെയ്ത തുക ലഭിക്കില്ലെന്നുമാണ് സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണം. നടപടിക്രമങ്ങള്‍ പാലിച്ച് പോളിസി പുന:രുജ്ജീവിപ്പിക്കാന്‍ അധ്യാപിക നടപടി എടുക്കാത്തതു കാരണമാണ് പോളിസി റദ്ദായതെന്നാണ് ഇന്‍ഷ്വറന്‍സ് സ്ഥാപനത്തിന്റെ വാദം. 2013 ഒക്‌ടോബര്‍ 23 നാണ് അധ്യാപിക മരിച്ചത്. അവര്‍ക്ക് 25 വര്‍ഷം സര്‍വീസുണ്ടായിരുന്നു. അധ്യാപിക്ക് മൂന്നു പോളിസികളുണ്ടായിരുന്നു. പോളിസി ലാപ്‌സായെന്ന് സര്‍ക്കാര്‍ വാദിക്കുന്ന സമയത്ത് അധ്യാപികയുടെ ശമ്പളത്തില്‍ നിന്നും ഇന്‍ഷ്വറന്‍സ് പ്രീമിയം സ്വീകരിച്ചിരുന്നു. ഇത് ശമ്പളത്തില്‍ നിന്നും പ്രീമിയം കിഴിവ് ചെയ്ത ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്നാണ് ഇന്‍ഷ്വറന്‍സ് സ്ഥാപനത്തിന്റെ വിശദീകരണം. ഇത്തരമൊരു വാദം ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."