മെഡിക്കല്‍ കോഴ: സതീഷ് നായര്‍ ഒളിവില്‍ തന്നെ
തിരുവനന്തപുരം: മെഡിക്കല്‍ കോഴയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സതീഷ് നായര്‍ ഒളിവിലെന്ന് പൊലിസ്. ഇതു സംബന്ധിച്ച വിവരം ഡല്‍ഹി പൊലിസാണ് കേരള പൊലിസിനെ അറിയിച്ചത്.
മെഡിക്കല്‍ കോഴ വിവാദത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും പൊലിസ് വ്യക്തമാക്കി. നേരത്തെ സതീഷ് നായരെ കണ്ടെത്താനായി ഡല്‍ഹി പൊലിസിന്റെ സഹായം സംസ്ഥാനം തേടിയിരുന്നു.
നിലവില്‍ മെഡിക്കല്‍ കോഴ ഇടപാടിനെ കുറിച്ച് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. മെഡിക്കല്‍ കോളജിന് അനുമതി നേടിയെടുക്കാമെന്ന് വിശ്വസിപ്പിച്ച് ബി.ജെ.പിയില്‍ നിന്നു പുറത്താക്കിയ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ് വഴി 5.6 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് തൊടുപുഴ സ്വദേശിയും മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനുമായ സതീഷ് നായരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.
ഡല്‍ഹിക്കു സമീപം ഗാസിയാബാദില്‍ താമസിക്കുന്ന ഇയാള്‍ സര്‍ക്കാരില്‍ സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമാനമായ തട്ടിപ്പുകള്‍ മുന്‍ കാലത്തും നടത്തിയിട്ടുണ്ടെന്നാണ് സൂചന.
കുമ്മനം രാജശേഖരന്‍ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത് പാര്‍ട്ടിയിലെ ചില ബന്ധങ്ങളുപയോഗിച്ച് അടുത്തു കൂടിയിരുന്നു. ഒരു പ്രമുഖ വി.എച്ച്.പി നേതാവിന്റെ ശുപാര്‍ശയിലാണ് കുമ്മനത്തിനെ സമീപിച്ചത്. കുമ്മനത്തിന്റെ ആളായി ഇദ്ദേഹം പലരെയും പരിചയപ്പെട്ടിരുന്നു. പിന്നീട് കുമ്മനം സതീഷ് നായരെ ഡല്‍ഹിയിലെ പി.ആര്‍.ഒ ആക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരുമായി പാര്‍ട്ടി നേതൃത്വവുമായുള്ള ഇടപാടുകള്‍ കുമ്മനം നടത്തിയിരുന്നത് സതീഷ് നായര്‍ വഴിയായിരുന്നു.
കുമ്മനത്തിന്റെ പ്രധാനപ്പെട്ട ഫയലുകളും കുമ്മനത്തിന്റെ ഒപ്പോടു കൂടിയ 250ഓളം ലറ്റര്‍ ഹെഡുകളും സതീഷ് നായരുടെ പക്കലുണ്ടായിരുന്നുവെന്നാണ് സൂചന.
യു.പി.എ സര്‍ക്കാരിന്റെ കാലത്തും ഇയാള്‍ കോഴ വാങ്ങി വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് കാര്യങ്ങള്‍ സാധിച്ചു കൊടുത്തിരുന്നുവെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."