യുവജന യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ നവോത്ഥാനമുന്നേറ്റത്തിന്റെ തുടക്കമാകും; മുനവ്വറലി തങ്ങള്‍
ഫൈസല്‍ കോങ്ങാട്
പാലക്കാട് : 'വര്‍ഗ്ഗീയ മുക്തഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ' എന്ന പ്രമേയത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജനയാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ അത് നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. യാത്രയിലൂടനീളം ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയും കാണുമ്പോള്‍ ഇത്തരമൊരു സന്ദേശയാത്ര അവര്‍ ആഗ്രഹിച്ചിരുന്നുവെന്ന തോന്നലുണ്ടാകുന്നുവെന്നും അദ്ദേഹം സുപ്രഭാതത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. യാത്ര ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടുമാണ് സ്വീകരിക്കുന്നത്. മതേതരത്വം, മാനവീകത എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സമാധാനാന്തരീക്ഷത്തില്‍ ജീവിക്കാനുള്ള പൗരന്റെ സ്വപ്നം വെറും സ്വപ്നംമാത്രമാകുന്ന നിലയിലേക്ക് ഇന്ത്യയിലെ ക്രമസമാധാന നില തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ നഷ്ടപ്പെട്ട സമാധാനാന്തരീക്ഷത്തെ വീണ്ടെടുക്കാന്‍ പ്രയത്‌നിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കുകയാണ്. യുവാക്കള്‍ക്ക് ജീവിതത്തില്‍ സ്വപ്നങ്ങള്‍ കാണാനും ശോഭനമായ ഭാവി ഉറപ്പുവരുത്താനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. വിദ്യാസമ്പന്നരായ യുവതലമുറ നമുക്കുണ്ടെങ്കിലും അവര്‍ക്ക് യോജിച്ച തൊഴില്‍ നേടാന്‍ സാഹചര്യമില്ല. ഇതിന്റെയൊക്കെ അടിസ്ഥാനം വര്‍ഗ്ഗീയതയും അക്രമാസക്തവുമായ സാഹചര്യങ്ങളുമാണ്. ഇതിനെതിരേയുള്ള പോരാട്ടമാണ് യാത്ര. യുവതലമുറയെ ബോധവത്ക്കരിക്കുകയാണ് യാത്രയിലുടനീളം ചെയ്യുന്നത്. യാത്ര ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറെ പ്രസക്തമായതുകൊണ്ടാണ് ക്ഷേത്രങ്ങളുടേയും ചര്‍ച്ചുകളുടേയും ഭാരവാഹികളും പുരോഹിതരും യാത്രാസംഘത്തെ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മുന്നോട്ടുവരുന്നത്.
മുസ്‌ലിംലീഗിന് രാഷ്ട്രീയ പാര്‍ട്ടിയെന്നതിലപ്പുറം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുകയാണ്. യാത്രയുടെ ലക്ഷ്യം കേവലം രാഷ്ട്രീയ താല്‍പ്പര്യമല്ല. ജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം അവര്‍ക്കിടയിലുള്ള സഹവര്‍ത്തിത്വം ഊഷ്മളമാക്കുന്നതിനുവേണ്ടിയുള്ള സമരം കൂടിയാണ്. അതോടൊപ്പം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളേയും നടപടികളേയും തുറന്നുകാണിക്കുകയുമാണ് മറ്റൊരു ലക്ഷ്യം.
സര്‍ക്കാരുകള്‍ ജനങ്ങളെ പെരുവഴിയിലാക്കുന്ന പ്രതിലോമപരമായ നയങ്ങളാണ് സ്വീകരിക്കുന്നത്. ഇന്ധന വിലയും പാചക വില വര്‍ധനവും, കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്നിവയൊന്നും സര്‍ക്കാരുകള്‍ക്ക് പ്രശ്‌നമേ ആകുന്നില്ല. വര്‍ഗ്ഗീയത ആളിക്കത്തിച്ച് ഫാസിസം ജനാധിപത്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ജനാധിപത്യത്തിന് യാതൊരു സംരക്ഷണവും ഇല്ലാത്ത സാഹചര്യമാണ് മുന്നിലുള്ളത്.
ജനാധിപത്യത്തേയും മതേതരത്വത്തേയും പാരമ്പര്യങ്ങളേയും സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റേയും കടമയാണ്. ഇക്കാര്യം ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് യാത്രയിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ബഹുസ്വരതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യം. ഈ ബഹുസ്വരതയെ ഏകസ്വരമാക്കി മാറ്റാനാണ് ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നത്. ഇത് തുറന്നുകാണിക്കേണ്ടതുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭരണകൂടം ഇരകള്‍ക്കൊപ്പം നില്‍ക്കുന്നതിനുപകരം കൊലയാളികളുടെ പക്ഷത്താണ് നിലയുറപ്പിക്കുന്നത്. മനുഷ്യരേക്കാള്‍ പ്രാധാന്യം മൃഗങ്ങള്‍ക്കായി മാറുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും യുവസമൂഹത്തെ ബോധവത്ക്കരിക്കുകയെന്ന ദൗത്യവും ഈ ജാഥയ്ക്ക് ഉണ്ട്. അതുകൊണ്ടുതന്നെയാണ് യാത്രയുടെ അനന്തരഫലമെന്നോണം കേരളത്തില്‍ ഒരു നവോത്ഥാന മുന്നേറ്റം ഉണ്ടാകുമെന്ന് പറയാന്‍ കഴിയുന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."