രാജ്യം തങ്ങളുടേത് മാത്രമാണെന്ന് കരുതുന്നത് ചിലരുടെ വ്യാമോഹമാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
കൊച്ചി: രാജ്യം തങ്ങളുടേത് മാത്രമാണെന്ന് ആര്‍ക്കെങ്കിലും മോഹമുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ല കോവിവെന്‍സിയ കാംപയിന്റെ ഭാഗമായി ഇന്ത്യ ആരുടേതാണ് എന്ന ശീര്‍ഷകത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ രാജ്യത്തിന്റെ കരുത്തും ശക്തിയുമായി വര്‍ത്തിക്കുന്ന മതനിരപേക്ഷതയും ജനാധിപത്യ സംവിധാനവും കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും നിരാകരിക്കാനുമുള്ള മതസ്വാതന്ത്ര്യമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. കോടതി വിധികള്‍ ചൂണ്ടിക്കാട്ടി ഹര്‍ത്താലും മാര്‍ച്ചും നടത്തുന്നത് വിരോധാഭാസമാണ്. ഇസ്‌ലാമിക ശരീഅത്തിനെതിരായി സുപ്രിംകോടതിയില്‍ വിധി വന്നപ്പോള്‍ പോലും ലീഗ് വൈകാരികമായി പ്രതികരിച്ചിരുന്നില്ല. ഭരണഘടനയും ഖുര്‍ആനും കൈയിലേന്തി പാര്‍ലമെന്റില്‍ പോരാട്ടം നടത്തുകയാണ് ചെയ്തതെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ചടങ്ങില്‍ എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടം, അഖില ലോക ക്രൈസ്തവ യുവജന ഫെഡറേഷന്‍ പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാധ്യമ പ്രവര്‍ത്തകന്‍ സനീഷ് ഇളയേടത്ത്, കെ.എം ഷാജി എം.എല്‍.എ എന്നിവര്‍ വിഷയാവതരണം നടത്തി. എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ സമദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."