ആര്‍.എസ്.എസ് ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു; കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്ത സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തെ ബാധിച്ചിട്ടില്ല. ന്യൂനപക്ഷ വിഭാഗത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ല. സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍.എസ്.എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലൂടെ തിരിച്ച് വിടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അത് വിലപ്പോകിെല്ലന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. കക്ഷി ഭേദമില്ലാതെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഇതാണ് കാണിക്കുന്നത്. രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ ഈ പ്രതിസന്ധി ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ ഒന്നും അംഗീകരിക്കുന്ന പ്രശ്നം ഇല്ലെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. പൗരത്വത്തിന്റെ അടിസ്ഥാനം മതമായാല്‍ ആ രാജ്യം മതരാഷ്ട്രമാകും. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതത്തിന്റെ പേരിലുള്ള പൗരത്വ നിയമത്തെ ഇല്ലാതാക്കിയെ കഴിയു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന് ഇത്തരമൊരു തീരുമാനമെടുക്കാമോയെന്ന് പലര്‍ക്കും ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും രൂപീകരിക്കുന്നതും നിലനില്‍ക്കുന്നതും പൗരത്വ നിയമങ്ങള്‍ ഉണ്ടായതും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതും അതിന്റെ അടിസ്ഥാനത്തിലാണ്. അത് അട്ടിമറിക്കാന്‍ ആര് മുന്നോട്ടുവന്നാലും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പൊരുതുന്നത് സത്യപ്രതിജ്ഞാ ലംഘനമല്ല. അതിനോടുള്ള കൂറ് പുലര്‍ത്തലാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ മന്ത്രിമാരും എം.എല്‍.എമാര്‍ അടക്കം ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും സംയുക്ത പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."