ഗുരുവായൂരില്‍ ഭക്തയെ തള്ളിയിട്ട സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ വയോധികയെ ജീവനക്കാരന്‍ തള്ളിയിട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസടുത്തു. വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കമ്മിഷന്‍ നോട്ടിസയച്ചു.
കഴിഞ്ഞ മാസം 20നായിരുന്നു സംഭവം. പൊന്നാനി എരമംഗലം കിഴക്കേവളപ്പില്‍ കുഞ്ഞിലക്ഷ്മി അമ്മയെ (70) ജീവനക്കാരനായ ശിവശങ്കരന്‍ തള്ളിയിട്ടെന്ന് ചൂണ്ടിക്കാട്ടി മരുമകള്‍ രത്‌നമാണ് പരാതി നല്‍കിയത്. പ്രസാദം വാങ്ങാന്‍ വരിനില്‍ക്കുമ്പോള്‍ ഇവിടെയല്ല നില്‍ക്കേണ്ടതെന്നുപറഞ്ഞ് തള്ളിയിട്ടതായാണ് പരാതി. നിലത്തുവീണ ഇവരുടെ തുടയെല്ലില്‍ മൂന്ന് പൊട്ടലുകളുണ്ടായിരുന്നു. സംഭവത്തില്‍ പരാതി പറയാന്‍ രത്‌നത്തിന്റെ സഹോദരന്‍ സുരേഷ്ബാബു ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ കണ്ടെങ്കിലും തപാലില്‍ അയയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുവായൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയെങ്കിലും ആശുപത്രിയില്‍ നിന്ന് വിവരം ലഭിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടെടുത്തു. ജീവനക്കാരനായ ശിവശങ്കരനെ രക്ഷിക്കാന്‍ ദേവസ്വം അധികൃതര്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ വത്സന്‍ താമരയൂരും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."