വൈദ്യുതിത്തൂണ് കൈയേറി പ്രചാരണം നടത്തിയാല്‍ പിടിവീഴും
വടകര: വൈദ്യുത തൂണുകള്‍ കൈയേറി പ്രചാരണം നടത്തുന്നതിനെതിരേ ശക്തമായ നടപടിയുമായി പൊലിസ് രംഗത്ത്. ഇതു സംബന്ധിച്ച് പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കാനാണ് പൊലിസ് നീക്കം.
പൊതുസ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ ക്രമസമാധന പ്രശ്നത്തിനിടയാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
വൈദ്യുത തൂണുകള്‍ പെയിന്റ് പൂശി രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമായി മാറ്റിയിരിക്കുകയാണ്. പല തൂണുകളിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പെയിന്റ് പൂശിയതുകാരണം കയറുമ്പോള്‍ തെന്നിപ്പോവുന്നു.
പോസ്റ്റ് നമ്പര്‍ പോലും പെയിന്റടിച്ച് മറക്കുന്ന സ്ഥിതിയുമുണ്ട്. മാത്രമല്ല ഒരു തൂണില്‍ തന്നെ വ്യത്യസ്ത പാര്ട്ടിക്കാര് ശക്തി പ്രകടിപ്പിക്കാന്‍ എഴുതുകയും ഇതിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്യുന്നു. വടകര പൊലിസ് സ്റ്റേഷന് പരിധിയില്‍ പലയിടത്തും പ്രശ്നങ്ങളുണ്ട്.
പെയിന്റ് പൂശിയത് സംബന്ധിച്ച് കെ.എസ്.ഇ.ബി യില്‍ നിന്ന് പരാതികള്‍ ലഭിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേസെടുത്ത് നടപടിയുമായി മുന്നോട്ടു പോകുമെന്നും വടകര പൊലിസ് ഇന്‍സ്പെക്ടര്‍ ടി. മധുസൂദനന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."