ഡല്‍ഹിയിലും അസമിലും അലഗഡിലും ഭരണകൂട ഭീകരത- കമല്‍ഹസന്‍
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. രാജ്യം അപകടകരമായ അവസ്ഥയിലാണെന്നും ഐ.സി.യുവിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയും വേണം. രാഷ്ട്രീയം സര്‍വ്വസ്വാപകവും നമ്മെ ഓരോരുത്തരേയും ബാധിക്കുന്നതുമാണ്. യുവത ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റില്ല. ചോദ്യങ്ങള്‍ അടിച്ചമര്‍ത്തുമ്പോഴാണ് ജനാധിപത്യം അപകടത്തിലാവുന്നത്- കമല്‍ഹാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോഴും ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം സംസ്ഥാനങ്ങളുടെ അതിര്‍ത്തിക്കപ്പുറവും രാഷ്ട്രീയത്തിനും പാര്‍ട്ടികള്‍ക്കും അതീതമായും ഉയരണം. ഇത് ദേശീയ വിഷയമാണെന്നും കമല്‍ പറഞ്ഞു.
പോരാട്ടം എങ്ങനെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ശശിയായ ദിശയില്‍ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് താരം മറുപടി നല്‍കി. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മത അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയെ അതു ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മക്കള്‍ നീതി മയ്യം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ കമല്‍ഹാസന്റേത് ഉള്‍പ്പെടെ 17 ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."