മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് ബസുകള്‍ വേണം; അനക്കമില്ലാതെ കെ.എസ്.ആര്.ടി.സി
കണ്ണൂര്‍: പ്രവര്‍ത്തനം തുടങ്ങിയിട്ടും മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് പുതിയ സര്‍വിസുകള്‍ ആരംഭിക്കാതെ കെ.എസ്.ആര്.ടി.സി. ഏറെ വര്‍ഷത്തെ സ്വപ്നസാക്ഷാല്‍ക്കാരത്തിന്റെ നിറവിലുള്ള വിമാനത്താവളത്തിലേക്ക് രാവിലെയും വൈകിട്ടും കെ.എസ്.ആര്.ടി.സിയുടെ ഒരു സര്‍വിസ് മാത്രമാണുള്ളത്. ഇത് വിമാനത്താവള ജീവനക്കാരുടെ സൗകാര്യാര്ഥമാണ് അനുവദിച്ചത്. വിമാനത്താവളത്തില്‍ എത്തിയാല്‍ തിരിച്ച് സമീപ ടൗണുകളിലേക്കും മറ്റും സാധാരണക്കാരായ യാത്രക്കാര്‍ക്ക് എത്തണമെങ്കില്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതേതുടര്‍ന്ന് മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് കെ.എസ്.ആര്.ടി.സിയുടെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം നിലവിലുള്ള സര്‍വിസിന്റെ സമയം കെ.എസ്.ആര്.ടി.സി ജിവനക്കാര്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് ക്രമീകരിക്കുമെന്ന് കണ്ണൂര്‍ ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവള പ്രവൃത്തി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കെ.എസ്.ആര്.ടി.സിയുടെ പുതിയ സര്‍വിസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് വിമാനത്താവളങ്ങളിലേത് പോലെ കണ്ണൂരില്‍നിന്ന് ശീതീകരിച്ച ലോഫ്ളോര്‍ ബസുകള്‍ സര്‍വിസ് തുടങ്ങുമെന്ന് കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരിയും അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് എല്ലാ ദിവസവും ആഭ്യന്തര, വിദേശ സര്‍വിസുകള്‍ ആരംഭിച്ചിരിക്കെ കെ.എസ്.ആര്.ടി.സി സര്‍വിസ് തുടങ്ങാത്തത് വിമാനത്താവളത്തില്‍ എത്തുന്ന സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. എ.സി ഫ്ളൈ ബസ് എന്ന പേരിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു 45 മിനിറ്റ് ഇടവേളകളില്‍ 24 മണിക്കൂറും സര്‍വിസ്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ ഇടവേളകളിലും കൊച്ചിയില്‍ നിന്ന് 30 മിനിറ്റ് ഇടവേളകളിലും ഫ്ളൈ ബസുകള്‍ ഓടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."