ചന്തവിള ആമ്പലൂര്‍ തരിശ് പാടത്തെ വിത്തിടീല്‍ ഉത്സവം ആഘോഷമാക്കി നാട്ടുകാര്‍
കഴക്കൂട്ടം: സമഗ്ര നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ പത്തുവര്‍ഷമായി തരിശിട്ടിരുന്ന ചന്തവിള ആമ്പലൂര്‍ പാടശേഖരത്തില്‍ നാടന്‍ പാട്ടിന്റെയും ആര്‍പ്പോവിളികളുടയും അകമ്പടികളോടെ മേയര്‍ വി.കെ പ്രശാന്ത് വിത്തിട്ടു. നൂറേക്കറോളം വരുന്ന പാട ശേഖരത്തില്‍ ഒരു ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ കൃഷിയുള്ളത്. മറുഭാഗം ഭൂമാഫിയകള്‍ നികത്താനായി വാങ്ങിയിട്ടിരുന്ന ഉടമസ്ഥര്‍ ആരെന്നുപോലും അറിയാതെ പുല്ലുവളര്‍ന്നു കിടന്ന ചതുപ്പു നിറഞ്ഞ പാടങ്ങളാണ്.
കൃഷി ഉദ്യോഗസ്ഥരുടെയും ആമ്പലൂര്‍ റസിഡന്റ്‌സ് അസോസിയേഷന്റെയും കൃഷിക്ക് മുന്നിട്ടിറങ്ങിയ യുവ കര്‍ഷകരുടെയും ഒരു കൂട്ടം പാടം ഉടമകളുടെയും പരിശ്രമ ഫലമായാണ് വീണ്ടും ഇവിടെ കൃഷിയിറക്കാന്‍ സാധിച്ചത്. ശേഷിക്കുന്ന സ്ഥലം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലുമാണ് കര്‍ഷകര്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിഷമയമായ പച്ചക്കറിയും ഭക്ഷണ പദാര്‍ഥങ്ങളും വിലകൊടുത്തുവാങ്ങി ക്യാന്‍സര്‍ രോഗികളാകാതെ തരിശിട്ടിരിക്കുന്ന മുഴുവന്‍ സ്ഥലങ്ങളും വിവിധങ്ങളായ കാര്‍ഷിക വിളകള്‍ക്ക് പ്രയോജനപ്പെടുത്തി നഗരത്തെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കാന്‍ നഗരസഭാ പദ്ധതി ആവിഷ്‌കരിക്കുന്നതായി മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു. നെല്‍കൃഷിക്കൊപ്പം പാടങ്ങളില്‍ ഉഴുന്നും പയറും പച്ചക്കറിയും ഇടവിളകൃഷിക്കായി പ്രോത്സാഹിപ്പിക്കും.
കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത ഗുണമേന്മയേറിയ വിത്തും ആധുനിക കൃഷിരീതികളും ഉപയോഗിച്ച് കരനെല്‍കൃഷി വന്‍ വിജയമാക്കിക്കൊണ്ടിരിക്കുകയാണ് പല പ്രദേശങ്ങളെന്നും മേയര്‍ ചൂണ്ടിക്കാട്ടി. പുരുഷ സ്വാശ്രയ സംഘങ്ങളെയും കുടുംബശ്രീ എ.ഡി.എസുകളെയും റസിഡന്റ്‌സ് അസോസിയേഷനുകളെയും വിവിധ സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി കൃഷിഭവനടിസ്ഥാനത്തില്‍ കാര്‍ഷിക ഉല്‍പാദന സമിതികള്‍ രൂപീകരിക്കുന്നതിനെകുറിച്ച് നഗരസഭാ ആലോചിച്ച് വരുകയാണെന്നും മേയര്‍ പറഞ്ഞു. തരിശ് നില കൃഷിക്ക് കൃഷി വകുപ്പ് വലിയ സഹായമാണ് നല്‍കിവരുന്നതെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. വിത്ത് സൗജന്യമായി നല്‍കുന്നതിന് പുറമെ ഹെക്ടര്‍ ഒന്നിന് പതിനേഴായിരം രൂപ വീതം കാര്‍ഷിക ചിലവിനും നല്‍കുന്നുണ്ട്. അതേസമയം തരിശ് നില കൃഷി പ്രോത്സാഹന പദ്ധതിയില്‍ ഹെക്ടറിന് മുപ്പതിനായിരം രൂപയാണ് സര്‍ക്കാര്‍ സഹായം നല്കിവരുന്നെന്നും മേയര്‍ പറഞ്ഞു. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്ത് ചാക്കില്‍ നിറച്ച് നല്‍കുന്ന ആധുനിക കൊയ്ത്ത് യന്ത്രമാണ് പാടശേഖരങ്ങളില്‍ എത്തിച്ച് കര്‍ഷകരെ സഹായിക്കുന്നതെന്ന് കഴക്കൂട്ടം കൃഷി ഓഫിസര്‍ റീജ എസ്.ധരന്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു അധ്യക്ഷയായി.
വിത്തിടീല്‍ ഉത്സവത്തിന് നാടന്‍ പാട്ടുമായി സൈനിക എല്‍.പി.എസ് വിദ്യാര്‍ഥികളും അധ്യാപകരും എത്തിച്ചേര്‍ന്നിരുന്നു.
സമൃദ്ധി നിറഞ്ഞാടിയ ആമ്പലൂര്‍ പാടശേഖരം വീണ്ടും കതിരണിഞ്ഞ കാണാന്‍ നാട്ടുകാരും കര്‍ഷകരും രാവിലെ മുതല്‍ ഒത്തുകൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."