ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന എണ്ണ; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
കണ്ണൂര്‍: ഹോട്ടലുകളില്‍ മായംകലര്‍ന്ന എണ്ണ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നു കണ്ടെത്തിയിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെടുന്നില്ലെന്നു പരാതി. പലതവണ ഉപയോഗിച്ചു കറുപ്പുനിറം കലര്‍ന്ന എണ്ണ തന്നെയാണ് ഹോട്ടലുകളില്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. തട്ടുകടകളിലും ഇതുതന്നെയാണ് അവസ്ഥ. ഗുരുതരമായ ഉദര രോഗങ്ങള്‍ക്ക് ഇതു കാരണമാകും. ആമാശയ കാന്‍സര്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന സ്ഥലങ്ങളിലൊന്നാണ് വടക്കേ മലബാര്‍. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇതേകുറിച്ചു പഠനം നടത്തിയിരുന്നു.
ബേക്കറി, എണ്ണപലഹാരങ്ങള്‍, ഇറച്ചി, മത്സ്യവിഭവങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നതും വടക്കേ മലബാറിലാണ്. സംസ്ഥാനത്ത് റോഡരികില്‍ ഏറ്റവും കൂടുതല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ണൂരിലാണ്. തെരുവോരത്ത് ഭക്ഷണം കഴിക്കുന്നവരുടെ ശരാശരി മറ്റുള്ള ജില്ലയിലേതിനെക്കാള്‍ കൂടുതലാണിവിടെ.
ഇതുകൂടാതെ ഫാസ്റ്റ് ഫുഡ് കടകളും കൂണുപോലെ പെരുകിവരികയാണ്. ഇവിടെ ഉപയോഗിക്കുന്ന എണ്ണ എത്രമാത്രം ആരോഗ്യകരമാണെന്ന കാര്യത്തില്‍ ഇതുവരെ പരിശോധന നടന്നിട്ടില്ല. സാധാരണയായി പഴകിയ ഭക്ഷ്യവസ്തുക്കള്‍ റെയ്ഡു നടത്തി പിടിച്ചെടുക്കാറുണ്ടെങ്കിലും എണ്ണയുടെ ഉപയോഗത്തെ കുറിച്ചു പരിശോധന നടത്താറില്ല. നമുക്ക് ലഭിക്കുന്ന വെളിച്ചെണ്ണയ്ക്കു വിലകൂടുതലായതിനാല്‍ മറ്റുള്ള എണ്ണകളാണ് ഹോട്ടല്‍ കച്ചവടക്കാര്‍ ഉപയോഗിക്കുന്നത്. പാമോയില്‍, വനസ്പതി, സൂര്യകാന്തി എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ഇവ ലഭ്യമല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നു വരുന്നവിലകുറഞ്ഞ നോണ്‍ബ്രാന്‍ഡഡ് വെളിച്ചെണ്ണയാണ് മിക്കവരും ഉപയോഗിക്കുന്നത്. ഇതു വലിയ ചീനചട്ടിയില്‍ പലതവണ ഉപയോഗിക്കുകയാണ്. കറുത്തു കൊഴുത്ത ദ്രാവകമായതിനു ശേഷമാണ് ദിവസങ്ങള്‍ കഴിഞ്ഞാണ് ഇവ പുറത്തുകളയുന്നത്. ഇവയില്‍ നിന്നുണ്ടാക്കുന്ന പലഹാരങ്ങള്‍ കഴിച്ചാല്‍ വയറിന് വിവിധ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറുമെന്നു ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
എണ്ണ ഏതെന്നു പറയണം
സംസ്ഥാനത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിഭവങ്ങള്‍ പാകം ചെയ്യുന്നത് ഏത് എണ്ണയുപയോഗിച്ചാണെന്ന് ഇനിമുതല്‍ ഉപഭോക്താവിനെ അറിയിക്കേണ്ടിവരും. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി പുറപ്പെടുവിച്ചുകഴിഞ്ഞു. ഇതു സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. ഹോട്ടലുകളിലും കുറിപ്പായോ മെനു കാര്‍ഡില്‍ സൂചിപ്പിച്ചോ ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."