റേഷന്‍ കാര്‍ഡിലെ അപാകത: പഞ്ചായത്തംഗങ്ങള്‍ സപ്ലൈ ഓഫിസറെ ഉപരോധിച്ചു
പരപ്പ: റേഷന്‍ കാര്‍ഡിലെ അപാകതകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറെ ഉപരോധിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ മൂലം നിരവധി കുടുംബങ്ങള്‍ക്ക് ആനുകൂല്യം നഷ്ടപ്പെട്ട സ്ഥിതിയാണുള്ളത്.
ചായ്യോം ചക്ലിയ കോളനിയിലെ ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച സുധീഷ് സംസ്ഥാനത്തിനു പുറത്തു താമസിക്കുന്നതായാണ് കാര്‍ഡിലുള്ളത്. പെരിയങ്ങാനത്തെ ജയപ്രകാശ് പൊതുമേഖലയില്‍ ജോലി ചെയ്യുന്നുവെന്നാണു കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹം കൂലിപ്പണിയെടുത്താണ് കുടുംബം നോക്കുന്നത്. തിരുത്തലുകള്‍ക്കുള്ള അപേക്ഷ സപ്ലൈ ഓഫിസര്‍ നിരസിക്കുന്നതായുള്ള പരാതിയുമുണ്ട്.
ഇതു ഡാറ്റാ എന്‍ട്രിയില്‍ വന്ന പിഴവാണെന്നും തിരുത്താന്‍ സോഫ്റ്റ് വെയര്‍ മാറ്റണമെന്നുമാണത്രേ പറയുന്ന മറുപടി. ഇത്തരത്തില്‍ കടന്നു കൂടിയ നിരവധി തെറ്റുകള്‍ തിരുത്താന്‍ അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഉപരോധം. വൈസ് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍, പി.വി രവി, ഷൈജമ്മ ബെന്നി, പി. ചന്ദ്രന്‍ , കെ. അനിത തുടങ്ങി മുഴുവന്‍ അംഗങ്ങളും ഉപരോധത്തില്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സപ്ലൈ ഓഫിസറും അടങ്ങുന്ന വിജിലന്‍സ് കമ്മിറ്റി രൂപീകരിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."