ഭെല്‍ ഏറ്റെടുക്കല്‍: നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി
കാസര്‍കോട്: കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനിയുടെ കൈമാറ്റ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു വ്യവസായ മന്ത്രി എ.സി മൊയ്തീന്‍. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറുമായി തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണു മന്ത്രി ഉറപ്പു നല്‍കിയത്. ഇരുവരുടെയും സാന്നിധ്യത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതു വരെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തന മൂലധനത്തിനും സാമ്പത്തിക സഹായം നല്‍കുമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ കമ്പനിയില്‍ നിരീക്ഷകനായി നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. 30 കോടിയോളം രൂപയുടെ ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ക്കാനുള്ള കമ്പനിയില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയും പരിഹാര നിര്‍ദേശങ്ങളും എസ്.ടി.യു, സി.ഐ.ടി.യു യൂനിയനുകള്‍ നിവേദനമായി മന്ത്രിക്കു നല്‍കി.
കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നതിനു വരുന്ന നിയമസഭാ സമ്മേളന സമയത്ത് പ്രത്യേക യോഗം ചേരാമെന്നും തൊഴിലാളി പ്രതിനിധികള്‍ക്കും ജനപ്രതിനിധികള്‍ക്കും മന്ത്രി ഉറപ്പു നല്‍കി. തൊഴിലാളി സംഘടനാ നേതാക്കളായ കെ.പി മുഹമ്മദ് അഷ്‌റഫ്, ടി.പി മുഹമ്മദ് അനീസ്(എസ്.ടി.യു), വി. രത്‌നാകരന്‍, കെ.എന്‍ ബാബുരാജന്‍ (സി.ഐ.ടി.യു) എന്നിവര്‍ക്കു പുറമെ കമ്പനി മാനേജിങ് ഡയരക്ടര്‍ എസ്. ബസു, മാനേജര്‍ കെ.പി ശ്രീവല്‍സന്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു. എട്ടു വര്‍ഷം മുമ്പാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭെല്ലിലേക്കു സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുണ്ടായിരുന്ന കെല്ലിനെ ലയിപ്പിച്ചത്. പ്രവര്‍ത്തന മൂലധനം നല്‍കാഞ്ഞതിനെ തുടര്‍ന്നാണു ഭെല്‍ ഇ.എം.എല്‍ കമ്പനി നഷ്ടത്തിലേക്കും തുടര്‍ന്നു പ്രതിസന്ധിയിലേക്കും കൂപ്പുകുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."