പ്രളയബാധിത മേഖലയിലെ പഴം-പച്ചക്കറി കൃഷിക്ക് വി.എഫ്.പി.സി.കെ പദ്ധതി
കല്‍പ്പറ്റ: പ്രളയ ബാധിത മേഖലയിലെ പഴം പച്ചക്കറി കൃഷി പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ (വി.എഫ്.പി.സി.കെ) ജില്ലയില്‍ 2.50 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്റെ സഹായത്തോടുകൂടിയാണ് ഇത് നടപ്പിലാക്കുന്നത്. വാഴകൃഷി വ്യാപനം, ടിഷ്യൂകള്‍ച്ചറല്‍ ബനാന, ഹൈബ്രീഡ് കൃഷി, ഇഞ്ചി - മഞ്ഞള്‍ കൃഷി വ്യാപനം എന്നിവക്കായി മൊത്തം 2,49,85,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വി.എഫ്.പി.സി.കെയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. മൊത്തം 600 ഹെക്ടര്‍ സ്ഥലത്ത് വാഴകൃഷി വ്യാപിപ്പിക്കുന്നതിനും 10 ഹെക്ടര്‍ സ്ഥലത്ത് ടിഷ്യൂകള്‍ച്ചറല്‍ ബനാന വ്യാപനത്തിനും 344 ഹെക്ടര്‍ സ്ഥലത്ത് ഹൈബ്രിഡ് പച്ചക്കറി കൃഷിചെയ്യുവാനും ഇഞ്ചി, മഞ്ഞള്‍ എന്നിവ കൃഷി ചെയ്യുന്നതിന് 165 ഹെക്ടര്‍ സ്ഥലത്തേക്കും തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ പ്രത്യേക വാഴ കൃഷി മേഖലയുടെ ഭാഗമായി 36 ലക്ഷം രൂപയുടെ പദ്ധതിയും വയനാട് മേഖലയില്‍ അനുവദിച്ചിട്ടുണ്ട്. മുളക്, വഴുതിന, തക്കാളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ 2000 തൈകള്‍ ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. ഇക്കൊല്ലം ജില്ലയില്‍ മൊത്തം മൂന്നു കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ മാനേജര്‍ എ. വിശ്വനാഥന് പറഞ്ഞു. ജില്ലയിലെ 17 സ്വാശ്രയ കര്‍ഷക സമിതികള്‍ വഴിയാണ് കാര്‍ഷിക ഉല്പന്നങ്ങള് വിപണനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."