തിരുവന്തപുരത്തു 'ലോക കേരള സഭ' സംഘടിപ്പിക്കും; സ്വയം തൊഴില്‍ സംരഭ വായ്പ നല്‍കിയത് 1500 പേര്‍ക്ക് മാത്രം: നോര്‍ക്ക
റിയാദ്: കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു 'ലോക കേരള സഭ' സംഘടിപ്പിക്കുമെന്ന് നോര്‍ക്ക സി ഇ ഒ കെ എന്‍ രാഘവന്‍ റിയാദില്‍ പറഞ്ഞു.
സഊദി ആരോഗ്യ മന്ത്രാലയവുമായി ആരോഗ്യ മേഖലയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാര്‍ ഒപ്പു വച്ച ശേഷം റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്്. അടുത്ത വര്‍ഷം ജനുവരിയില്‍ ചേരുന്ന 'ലോക കേരള സഭക്കു വേണ്ടി പ്രവാസി സംഘടനകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യുന്ന സംഘടനകളില്‍ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ള സംഘങ്ങള്‍ക്കാണ് 'ലോക കേരള സഭ'യില്‍ പങ്കെടുക്കാന്‍ കഴിയുക. കേരളത്തില്‍ നിന്നും 24 ലക്ഷം ആളുകള്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് ഇപ്പോഴും പറഞ്ഞു പോരുന്നതെങ്കിലും ഇത് ശരിയായ കണക്കല്ല. കൃത്യമായ വിവര ശേഖരണത്തിന് നോര്‍ക്ക ശ്രമം തുടങ്ങിയിട്ടുണ്ട്.
വിദേശങ്ങളിലെ മലയാളികളുടെ തസ്തിക തിരിച്ചുള്ള വിവര ശേഖരമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രവാസി സംഘടനകള്‍ വഴിയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയും വിവര ശേഖരണം നടക്കുന്നുണ്ട്. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും ഇതുമൂലമാണ് കാര്‍ഡ് വിതരണം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ അപേക്ഷാസംവിധാനം തുടങ്ങിയതായും ഓണ്‍ലൈന്‍ വഴി പണമടക്കാനുള്ള സംവിധാനം അടുത്ത മാസത്തോടെ നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസി പുനരധിവാസ പദ്ധതിയില്‍ 16500 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെകിലും 1500 പേര്‍ക്ക് മാത്രമാണ് വായ്പ ലഭിച്ചത്. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് മാത്തമാണ് വായ്പ ലഭിക്കുന്നത്. സഹകരണ ബാങ്കുകള്‍, പിന്നോക്ക വികസന കോര്‍പറേഷന്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയെയും വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതും കൂടി വന്നാല്‍ കൂടുതല്‍ വായ്പകള്‍ നല്‍കാനാവും.
നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് യഥാസമയം നല്‍കുന്നതിന് തിരക്കൊഴിവാക്കാന്‍ കുടുംബശ്രീക്കാരെ ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ക്ക ജനറല്‍ മാനേജര്‍ ബി ഗോപകുമാരന്‍ നായര്‍, സഊദി ജനറല്‍ കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, ലുലു ഗ്രൂപ്പ് റീജണല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."