ആള്‍ക്കൂട്ട ഭീകരതക്കെതിരേ ഭീമ ഹര്‍ജിയുമായി പ്രവാസി കൂട്ടായ്മ
റിയാദ്: ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ഭീകരതക്കെതിരേ പ്രവാസ ലോകത്തു നിന്നും പ്രതിഷേധമുയരുന്നു.
ഇതിനെതിരെ ഭീമ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് പ്രവാസ കൂട്ടായ്മ. നീതിന്യായ വ്യവസ്ഥകള്‍ അട്ടിമറിച്ചു ദുര്‍ബലരായ മനുഷ്യരെ ശാരീരികമായി ആക്രമിക്കുന്ന ആള്‍ക്കൂട്ട ഭീകരത തടയണമെന്നും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഭീമ ഹര്‍ജി നല്‍കുമെന്നു പ്രവാസി ജനാധിപത്യ മതേതര കൂട്ടായ്മ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബീഫ് ആക്രമണത്തിനെതിരെ ഉയര്‍ന്ന 'എന്റെ പേരില്‍ വേണ്ട' എന്ന പേരിലുള്ള പ്രക്ഷോഭ പരിപാടിയുടെ ഭാഗമായാണ് റിയാദില്‍ കൂട്ടായ്മ രൂപീകരിച്ചത്.
നാട്ടില്‍ നടന്നു വരുന്ന ലിഞ്ചിങ് (നീതിന്യായ വ്യവസ്ഥകള്‍ അട്ടിമറിച്ചു കൊണ്ട് ആള്‍ക്കൂട്ടം ദുര്‍ബലരായ മനുഷ്യരെ ശാരീരികമായി ആക്രമിക്കുക) വിരുദ്ധ പ്രക്ഷോഭങ്ങള്‍ക് ഊര്‍ജം പകര്‍ന്നു കൊണ്ടാണ് രാഷ്ട്രപതിക്ക് പതിനായിരങ്ങള്‍ ഒപ്പിട്ട ഭീമ ഹര്‍ജി നല്‍കുവാനായി റിയാദിലെ ഇരുപതോളം സംഘടനകള്‍ ചേര്‍ന്ന് ജനാധിപത്യ മതേതര വേദി രൂപീകരിച്ചത്.
ആള്‍ക്കൂട്ടങ്ങള്‍ നിരപരാധികളെ തല്ലികൊല്ലുമ്പോള്‍ അത് തടയാനുള്ള ഫലപ്രദമായ വ്യവസ്ഥകള്‍ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളില്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശരിയായ രീതിയില്‍ ലിഞ്ചിങ് തടയാനോ നിയമനടപടികള്‍ സ്വീകരിക്കാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
സുപ്രീം കോടതിയിലെ അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഒരു 'ആന്റി ലിഞ്ചിങ് ' നിയമം പാര്‍ലമെന്റില്‍ പാസാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം കൊടുക്കണമെന്നാവശ്യപ്പെട്ട് രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുകയും ഒരു കരട് നിയമം പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഈ പ്രക്ഷോഭത്തിന് സഊദി അറേബ്യയിലെ നിയമ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് എല്ലാവിധ ആശയ പ്രചാരങ്ങളും നടത്തുവാനാണ് തീരുമാനം.
ആഗസ്റ്റ് ആറാം തിയതി ഒപ്പ് ശേഖരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജനാധിപത്യ മതേതര വേദി ഭാരവാഹികളായ ആര്‍. മുരളീധരന്‍, നിബു മുണ്ടിയപ്പള്ളി, ലത്തീഫ് തെച്ചി, മുഹമ്മദ് കുഞ്ഞി ഉദിനൂര്‍, മന്‍സൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."