മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ കമലഹാസനെ പൊലിസ് തടഞ്ഞു, പൗരത്വബില്ലിനെതിരേ ഉയരുന്ന ശബ്ദത്തെ അടിച്ചമര്‍ത്താനാവില്ലെന്നും അതില്‍ തന്റെ ശബ്ദവുമുണ്ടെന്നും കമല്‍
ചെന്നൈ:മദ്രാസ് സര്‍വകലാശാലയില്‍ പൗരത്വ നിയമഭേഗദതിക്കെതിരെ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ നടന്‍ കമല്‍ഹാസനെ പൊലിസ് തടഞ്ഞു. ചൊവ്വാഴ്ച പൊലിസ് പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നുമാവശ്യമുയര്‍ത്തിയാണ് വിദ്യാര്‍ഥികളുടെ സമരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബീച്ച് റോഡ് വഴി സര്‍വകലാശാലയിലേക്ക് എണ്‍പതോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇവരില്‍ രണ്ടുപേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമായത്.
എന്നാല്‍ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ക്യാംപസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് പൊലിസിന്റെ വിശദീകരണം. വിദ്യാര്‍ഥികള്‍ക്കെതിരെ അനീതിയാണ് നടക്കുന്നതെന്നും അണ്ണാ ഡി.എം.കെ. വിചാരിച്ചിരുന്നെങ്കില്‍ പൗരത്വ ബില്‍ പാസാകില്ലായിരുന്നെന്നും കമലഹാസന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും ശബ്ദമുയരുകയാണ്. അവരുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ല. ഞാനും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. പൗരത്വ നിയമ ഭേഗദതിക്കെതിരെ ഡിസംബര്‍ 23ന് നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മക്കള്‍ നീതി മയ്യം അണിചേരുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് കമല്‍ഹാസന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമായത്. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ 23 വരെ സര്‍വകലാശാലയ്ക്ക് രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."