പരിഷ്‌കാരങ്ങള്‍ പ്രാഥമിക സംഘങ്ങള്‍ക്കും ഇടപാടുകാര്‍ക്കും തലവേദന
തൊടുപുഴ: കേരള ബാങ്കിന്റെ ഭാഗമായി കൊമേഴ്‌സ്യല്‍ ബാങ്ക് മോഡല്‍ പരിഷ്‌കാരങ്ങള്‍ സംസ്ഥാനത്തെ പ്രാഥമിക സംഘങ്ങള്‍ക്കും ഇടപാടുകാര്‍ക്കും തലവേദനയാകും. കേരള ബാങ്കിന്റെ ഭാഗമായ 13 ജില്ലാ ബാങ്കുകളിലും ഒരു ദിവസം സൂക്ഷിക്കാവുന്ന പണത്തിന്റെ അളവ് കുറച്ചതുമൂലം ജില്ലാ ബാങ്ക് ജീവനക്കാരും ഇടപാടുകാരും സംഘങ്ങളും നെട്ടോട്ടത്തിലാണ്.
റിസര്‍വ് ബാങ്ക് പിടിമുറുക്കുന്നതിന്റെ ഭാഗമാണ് ഈ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ പോളിസിയായ കാഷ് ലെസ്സ് ഇക്കണോമി എന്ന സങ്കല്‍പം ഇതുവഴി കേരളത്തിലെ സഹകരണ മേഖലയിലും അടിച്ചേല്‍പ്പിക്കുകയാണ്. സാധാരണക്കാരാണ് സഹകരണ ബാങ്കുകളിലെ ഇടപാടുകാരില്‍ ഭൂരിപക്ഷവും. പൊടുന്നനെ കാഷ് പരിധി കുറച്ച് ട്രാന്‍സ്ഫറുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടി ഇടപാടുകാരെ അങ്കലാപ്പിലാക്കുന്നു. കേരള ബാങ്കിന്റെ ഭാഗമായ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അവയുടെ എന്‍.ആര്‍.ഐ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക് അറിയിപ്പ് ലഭിച്ചിരുന്നു. കേരള ബാങ്കിന് എന്‍.ആര്‍.ഐ നിക്ഷേപം സ്വീകരിക്കാനുള്ള ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇതെല്ലാം സൂചിപ്പിക്കുന്നത് റിസര്‍വ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങള്‍ കേരളത്തിലെ സഹകരണ മേഖലയില്‍ പിടിമുറുക്കാന്‍ പോകുന്നു എന്നാണ്.
ഇതിനിടെ കേരള ബാങ്കിന്റെ ഭാഗമായ ജില്ലാ ബാങ്കുകള്‍ പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചതും പ്രാഥമിക സംഘങ്ങള്‍ക്ക് തിരിച്ചടിയായി.പല പ്രാഥമിക സംഘങ്ങളും ഉയര്‍ന്ന പലിശയ്ക്കു വേണ്ടി കേരള ബാങ്കിന്റെ ഭാഗമാവാത്ത മലപ്പുറം ജില്ലാ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ ജില്ലയ്ക്ക് പുറത്തുനിന്ന് നിക്ഷേപം സ്വീകരിക്കാന്‍ രജിസ്ട്രാരുടെ പ്രത്യേക അനുമതി വേണമെന്നതിനാല്‍ നിരസിക്കുകയായിരുന്നു.
കേരള ബാങ്കിന്റെ കാര്യത്തില്‍ യു.ഡി.എഫ് ഉന്നയിച്ച ആശങ്കകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സഹകരണ മേഖലയ്ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കാര്യമായി ഉണ്ടായിരുന്നില്ല.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ആര്‍.ബി.ഐ പിടിമുറുക്കുമെന്നുറപ്പാണ്.
കേരള ബാങ്കില്‍ ലയിച്ച ജില്ലാ ബാങ്കുകള്‍ക്ക് പ്രവാസി നിക്ഷേപം സ്വീകരിക്കാനാവില്ല എന്നതും തിരിച്ചടിയാണ്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലാ ബാങ്കുകള്‍ക്കാണ് നേരിട്ട് പ്രവാസി നിക്ഷേപം സ്വീകരിച്ചിരുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടായിരുന്നത്.
എന്നാല്‍ ആസ്തികള്‍ സംസ്ഥാന സഹകരണ ബാങ്കിന് കൈമാറിയതോടെ കൈയിലുണ്ടായിരുന്ന പ്രവാസി നിക്ഷേപം തിരിച്ചു നല്‍കണമെന്നും പുതുതായി നിക്ഷേപം സ്വീകരിക്കേണ്ടെന്നും ആര്‍.ബി.ഐ ഈ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ച് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് 90 കോടി രൂപയും വയനാട് ജില്ലാ ബാങ്ക് 16 കോടിയും തിരിച്ചു നല്‍കേണ്ടിവരും.
നിക്ഷേപങ്ങള്‍ ആറുമാസത്തിനകം തിരിച്ചു നല്‍കണമെന്നാണ് ആര്‍.ബി.ഐ നിര്‍ദേശം. ജില്ലാ ബാങ്കുകള്‍ ലയിച്ച സംസ്ഥാന സഹകരണ ബാങ്കിന് പ്രവാസി നിക്ഷേപം സ്വീകരിക്കുന്നതിന് നിലവില്‍ ആര്‍.ബി.ഐ അനുമതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."