ബോറിസ് ജോണ്‍സനെ ആര്‍ക്കാണ് പേടി?
ബോറിസ് ജോണ്‍സന്റെ തെരഞ്ഞെടുപ്പ് വിജയം ബ്രക്‌സിറ്റിനെതിരായ ബ്രിട്ടിഷ് ജനതയുടെ വിധിയെഴുത്ത് എന്ന നിലയിലാണ് സാമാന്യമായി വിലയിരുത്തപ്പെടുന്നത്. ശരിതന്നെ, യൂറോപ്പ് എന്ന വിശാല അസ്തിത്വത്തില്‍ നിന്നുമാറി ബ്രിട്ടിഷ് രാജ്യാഭിമാനത്തിന്റെ ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങാന്‍ ശ്രമിക്കുന്ന ദേശവാസികളുടെ വികാരങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആന്തരിക തലങ്ങളില്‍ കുറേക്കൂടി സൂക്ഷ്മമായ പഠനങ്ങള്‍ ആവശ്യമായ ചില ഘടകങ്ങള്‍ കൂടി ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നതാണ് സത്യം.
ലോകത്തുടനീളം തിടംവച്ചു വരുന്ന വലതുപക്ഷ ആശയധാരയിലേക്ക് ബ്രിട്ടനും നീങ്ങുകയാണോ എന്നതിനെക്കുറിച്ചുള്ള വിനാശകരമായ ചില സൂചനകള്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിത്തട്ടിലുണ്ട്. ബ്രിട്ടിഷ് മുസ്‌ലിംകളുടെ സംഘടനയായ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍(എം.സി.ബി) പ്രകടിപ്പിച്ച ആശങ്കകള്‍ ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. ബ്രക്‌സിറ്റ് പോലെ തന്നെ ഇസ്‌ലാമോഫോബിയയും ബോറിസ് ജോണ്‍സന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് സത്യമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുസ്‌ലിം വിരോധത്തിന്റെ ധ്വനികളുണ്ടായിരുന്നു. ബോറിസ് ജോണ്‍സനു ലഭിച്ച വന്‍വിജയം ഈ മുസ്‌ലിം വിരോധം കൂടുതല്‍ പ്രബലമാവാന്‍ നിമിത്തമായേക്കുമോ എന്ന ആശങ്കയിലാണ് ബ്രിട്ടിഷ് മുസ്‌ലിംകളെ എത്തിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന മുസ്‌ലിം വിരുദ്ധ നടപടികള്‍, ഒട്ടുമുക്കാലും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്ന് കുടിയേറിയവരുടെ പിന്‍മുറക്കാരായ ബ്രിട്ടിഷ് മുസ്‌ലിംകളെ പേടിപ്പെടുത്തുന്നത് സ്വാഭാവികം.
ഇത്തവണ ബ്രിട്ടിഷ് തെരഞ്ഞെടുപ്പ്, രണ്ടു നേതാക്കള്‍ തമ്മിലുള്ള മാറ്റുരക്കലായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ലേബര്‍ പാര്‍ട്ടി നേതാവായ ജര്‍മ്മി കോര്‍ബിന്‍ വളരെയധികം ജനപ്രിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. ജനങ്ങളുടെ ദുരിത ജീവിതമായിരുന്നു അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് നിര്‍ത്തിവച്ചതുള്‍പ്പെടെ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ കണ്‍സര്‍വേറ്റീവ് ഭരണം സൃഷ്ടിച്ച പ്രതിസന്ധികള്‍ അദ്ദേഹവും ലേബര്‍ പാര്‍ട്ടിയും അക്കമിട്ടു നിരത്തി. വളരെ മികച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയാണ് അവര്‍ അവതരിപ്പിച്ചത്. പക്ഷേ തങ്ങളുടെ സ്വന്തം മണ്ഡലങ്ങളില്‍ പോലും ലേബര്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ചുവന്ന മതിലിനു (റെഡ് വാള്‍) പിന്നില്‍ സുരക്ഷിതമായ ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ പോലും ബോറിസ് ജോണ്‍സന്റെ ബ്രക്‌സിറ്റ് നയങ്ങള്‍ക്കനുകൂലമായി വിധിയെഴുതുകയായിരുന്നു. ജര്‍മ്മി കോര്‍ബിന്‍ ജനജീവിതവുമായി ബന്ധപ്പെട്ട മര്‍മ്മപ്രധാനമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ജോണ്‍സന്റേത് വളരെ ലളിതമായ ഒരു മുദ്രാവാക്യമായിരുന്നു- ബ്രക്‌സിറ്റ് നടപ്പാക്കുക. 'ഗെറ്റ് ബ്രെക്‌സിറ്റ് ഡണ്‍' എന്ന ഈ മുദ്രാവാക്യം വിജയിച്ചു. ഇന്ത്യയിലും ഏതാണ്ട് സമാന രീതിയിലാണ് കാര്യങ്ങള്‍ സംഭവിച്ചത്. നോട്ടു നിരോധനം മൂലമുണ്ടായ ദുരിതങ്ങള്‍, തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, സാമ്പത്തിക തകര്‍ച്ച തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ നരേന്ദ്രമോദി ഹിന്ദുത്വത്തില്‍ മാത്രം ഊന്നി, വിജയം അദ്ദേഹത്തിന്റെ ഭാഗത്തായിരുന്നു.
മറ്റു ചില കാര്യങ്ങളിലും ബോറിസ് ജോണ്‍സന്റെ രീതികള്‍ക്ക് നരേന്ദ്ര മോദിയുടെ രീതികളുമായി സമാനതകളുണ്ട്. മോദിയുടേത് ചാണക്യസൂത്രങ്ങളാണ്, ബോറിസ് ജോണ്‍സന്റേതും. താല്‍ക്കാലിക കാര്യസാധ്യത്തിനുവേണ്ടി ഏതു വേഷം കെട്ടാനും എന്തു കള്ളവും തട്ടിവിടാനും പിന്നീട് അവയില്‍നിന്നെല്ലാം തലയൂരാനും അസാമാന്യ സാമര്‍ഥ്യമുള്ള നേതാവാണ് ജോണ്‍സന്‍. മാക്യവെല്ലിയാണ് അദ്ദേഹത്തിന്റെ മാതൃകാപുരുഷന്‍. മോദിയേപ്പോലെ തന്നെ മാധ്യമങ്ങളെ ഒഴിഞ്ഞു മാറാന്‍ മിടുക്കന്‍. തെരഞ്ഞെടുപ്പ് കാലത്ത് ഈ ഒഴിഞ്ഞു മാറല്‍ വളരെ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു തലേ ദിവസം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു ചാനല്‍ ഫോര്‍ ഡിബേറ്റില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയത് വലിയ വാര്‍ത്തയായിരുന്നു. എന്നു മാത്രമല്ല, നിരന്തരം കളവുകള്‍ പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം പൊതു ജീവിതത്തില്‍ നിലയുറപ്പിച്ചത്. ഇതുമൂലം മൂല്യബോധത്തിന്റെയും നൈതികതയുടെയും പേരില്‍ വല്ലാതെ അഭിമാനിക്കുന്ന ബ്രിട്ടിഷ് പൊതുബോധത്തിന് അദ്ദേഹം അനഭിമതനുമായിരുന്നു, പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, ഈ പൊതുബോധമല്ല, സങ്കുചിത രാജ്യാഭിമാനത്തിനും വംശീയതക്കുമായിരുന്നു വിജയം, ഇന്ത്യയിലേതു പോലെ തന്നെ.
ഇതിനു നേര്‍ വിപരീതമായിരുന്നു കോര്‍ബിന്‍. ജീവിതത്തില്‍ ലാളിത്യം പുലര്‍ത്തുന്ന നേതാവ്. നിലപാടുകളിലും തികഞ്ഞ സുതാര്യത പുലര്‍ത്തിയിരുന്നു. മൂന്നു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തന്റെ പൊതുജീവിതത്തിലുടനീളം പുരോഗമനാശയങ്ങളോടും നൈതികതയോടും സദാ ആഭിമുഖ്യം പുലര്‍ത്തിയ അദ്ദേഹം ഇറാഖിനു നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ അതിനിശിതമായി വിമര്‍ശിച്ചു. ബ്രിട്ടിഷ് വിദേശ നയങ്ങളെ അമേരിക്കയുടെ നയങ്ങളുമായി ചേര്‍ത്തുകെട്ടുന്നതിന് എതിരായിരുന്നു അദ്ദേഹം. ബ്രിട്ടിഷ് ഭരണകൂടങ്ങളുടെ അമേരിക്കന്‍ അനുകൂല നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടിരുന്ന അദ്ദേഹം തന്റെ ധര്‍മ്മബോധം ഏറ്റവും കൃത്യമായി ആവിഷ്‌ക്കരിച്ചത് ഫലസ്തീന്‍ പ്രശ്‌നത്തില്‍ കൈക്കൊണ്ട നിലപാടുകള്‍ വഴിയാണ്. ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കുന്നതിന്ന് യാതൊന്നും അദ്ദേഹത്തിന്ന് തടസമായില്ല.
ഇസ്‌റാഈലിന്റെ കടുത്ത വിമര്‍ശകന്‍ ആയിരുന്ന അദ്ദേഹത്തെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നില്ല. എന്നാല്‍ 1990കളിലും 2000ത്തിലും ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി പുലര്‍ത്തിയ നിലപാടുകളില്‍ നിന്ന് കുറേയൊക്കെ വിട്ടുമാറി മാലിബാന്‍ഡ് തുടങ്ങിവച്ച ഇടതുപക്ഷ ചായ്‌വ് കൂടുതല്‍ പ്രബലമാക്കുകയായിരുന്നു കോര്‍ബിന്‍. തുറന്ന വിപണിയില്‍ ഊന്നിനില്‍ക്കുന്ന മുതലാളിത്തം കോര്‍ബിന് പഥ്യമായിരുന്നില്ല ഒരിക്കലും. അത് അദ്ദേഹത്തിന്റെ ജനസമ്മതി കുറച്ചു എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.
ബ്രിട്ടിഷ് ജനത കൂടുതല്‍ വംശീയമായി മാറുന്നു എന്ന് സംശയിക്കാന്‍ തീര്‍ച്ചയായും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നു. പ്രധാനമായും ഇതിനു കാരണം കുടിയേറ്റക്കാര്‍ തന്നെയാവണം. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ബ്രാസ് ഫോര്‍സിനെ തികച്ചും ചെറിയൊരു ഇന്ത്യാ ഉപഭൂഖണ്ഡം തന്നെ ആക്കിയിട്ടുണ്ട്. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും ധാരാളം. ഇവരില്‍ തന്നെ ഒട്ടുമുക്കാലും പേര്‍ ഇന്ത്യന്‍ വംശജരാണ്. സമ്പദ് വ്യവസ്ഥ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥയില്‍ തങ്ങളോട് മത്സരിക്കാന്‍ വരുന്ന കുടിയേറ്റക്കാരോട് ബ്രിട്ടിഷുകാര്‍ക്ക് അസഹിഷ്ണുതയുണ്ടാകുന്നു എന്നത് വസ്തുതയാണ്. വംശീയ രാഷ്ട്രീയത്തിന് ഇംഗ്ലണ്ടിന് വേരോട്ടമുണ്ടാവുന്നതും രാജ്യാഭിമാനത്തിന്റെ ആശയങ്ങള്‍ ശക്തമാവുന്നതും ഈ സാഹചര്യത്തിലാണ്. ബ്രക്‌സിറ്റിനു വേണ്ടിയുള്ള മുറവിളിയെ വംശീയതയുമായി ബന്ധിപ്പിച്ചു വേണം വിലയിരുത്താന്‍. ഇങ്ങനെയൊരു വിലയിരുത്തലിന്റെ തുടര്‍ച്ചയാണ് ബോറിസ് ജോണ്‍സന്റെ രണ്ടാമൂഴത്തില്‍ സംഭവിച്ചേക്കാനിടയുള്ള അപകടങ്ങളെക്കുറിച്ചുള്ള ബ്രിട്ടിഷ് മുസ്‌ലിംകളുടെ ആശങ്ക. രാജ്യം കൂടുതല്‍ വംശീയമായി മാറാനുള്ള സകല സാധ്യതയുമുണ്ട് എന്ന് സാരം.
നിലവില്‍ ഏഷ്യന്‍ വംശജര്‍ ബ്രിട്ടിഷ് സാമൂഹ്യ ജീവിതത്തില്‍, തങ്ങളുടെ സ്വാധീനം കൂടുതലായി ഉറപ്പിച്ചു വരുകയാണ്. ലണ്ടന്‍ മേയര്‍ ഏഷ്യന്‍ വംശജനായ മുസ്‌ലിമാണ്. ബ്രിട്ടനില്‍ വംശീയ വികാരങ്ങള്‍ വര്‍ധിച്ചു വരുന്നതിന്ന് ഇത് നിമിത്തമാവുന്നുവോ എന്ന് ന്യായമായും സംശയിക്കണം. അതേ സമയം സ്‌കോട്ട്‌ലാന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും പ്രാദേശികതയില്‍ വേരൂന്നുന്ന പാര്‍ട്ടികള്‍ക്കാണ് പ്രാമുഖ്യം. അതായത് ബ്രിട്ടിഷ് എന്ന പൊതുസങ്കല്‍പ്പത്തില്‍ നിന്ന് ബ്രിട്ടനിലെ ഓരോ ജനവിഭാഗവും സ്വന്തം സ്വത്വത്തിന്റെ തണലിലേക്ക് മാറുകയാണ്. യൂറോപ്പില്‍ മൊത്തത്തില്‍ രൂപപ്പെട്ടുവരുന്ന വംശീയബോധത്തിന്റെ അടിത്തറ ഈ സ്വത്വ രാഷ്ട്രീയമാണെന്ന് സാമൂഹ്യ നിരീക്ഷകര്‍ നിഗമിക്കുന്നത് ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്.
ആഗോള തലത്തില്‍ വളര്‍ന്നുവരുന്ന വലതുപക്ഷ തീവ്ര രാഷ്ട്രീയം ബ്രിട്ടനിലും വേരുറപ്പിച്ചു വരുന്നു എന്ന് അനുമാനിക്കാവുന്ന തരത്തിലാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പിന്തുടര്‍ന്നു പോരുന്ന നയങ്ങള്‍ ബോറിസ് ജോണ്‍സനേയും പ്രചോദിപ്പിക്കുന്നു. ഇന്ത്യ, ബ്രസീല്‍, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വലതുപക്ഷ ആശയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. ലോകം ഈ ദിശയില്‍ മുമ്പോട്ട് പോവുന്നത് സ്വാഭാവികമായും, മത ന്യൂനപക്ഷങ്ങള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമെല്ലാം ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ വലതുപക്ഷ തീവ്രതയുടെയും വംശീയതയുടെയും ആദ്യ ഇരകള്‍ മുസ്‌ലിം സമൂഹമാണ്. ബ്രിട്ടനില്‍ ബോറിസ് ജോണ്‍സന്‍ കൂടുതല്‍ ജനസമ്മതിയോടെ ഭരണത്തിലേറുമ്പോള്‍ ബ്രിട്ടിഷ് മുസ്‌ലിംകള്‍ അസ്വസ്ഥരാവുന്നതും ഇതുകൊണ്ട് തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."