തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു: മുനവ്വറലി തങ്ങള്‍
പട്ടാമ്പി: ഫാസിസത്തെ തൂത്തെറിയാന്‍ ജനം ഒരുങ്ങിക്കഴിഞ്ഞു എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും ഇത് മതേതര കക്ഷികളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. യുവജന യാത്രക്ക് പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം. ഇത് മോദിയുടെ പതനത്തിന്റ തുടക്കമാണ്. എന്നാല്‍ മോദിക്കെതിരായ വികാരത്തെ ഭിന്നിപ്പിക്കാതിരിക്കാനുള്ള ജാഗ്രത മതേതര കക്ഷികളില്‍നിന്നുണ്ടാവണം. മതേതര കക്ഷികള്‍ ഒന്നിച്ചിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പിയുടെ സമ്പൂര്‍ണ പതനീയം കാണാമായിരുന്നു. തോല്‍വി മുന്നില്‍ കാണുന്ന മോദി വര്‍ഗീയത ആളിക്കത്തിച്ച് ഭരണം നിലനിര്‍ത്താനാണ് ശ്രമിക്കുക. ഇതിനെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കണം. രാജ്യത്തെ പിറകോട്ടു നയിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണം കേന്ദ്രമന്ത്രിമാര്‍ക്ക് പോലും മടുത്തിരിക്കയാണെന്നും തങ്ങള്‍ പറഞ്ഞു. ലോകത്ത് അഭയാര്‍ഥികള്‍ വര്‍ധിക്കുകയാണ്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍വന്ന ശേഷം സവിശേഷമായി ആഗോളതലത്തില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിരിക്കുന്നു. മെക്‌സിക്കന്‍ മതിലുയര്‍ത്തി സമീപ രാജ്യങ്ങളിലുള്ളവരെ തടയുകയും രക്ഷിതാക്കളെ വേര്‍പിരിക്കുകയും ചെയ്യുന്നു. മനുഷ്യാവാശ ധ്വംസനവും ആള്‍കൂട്ട കൊലകളും ഇന്ത്യയിലും വര്‍ധിക്കുകയാണ്. സഞ്ചാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുകയാണ്.
ഫാസിസവും വര്‍ഗീയതയും ഇല്ലാത്ത ഇന്ത്യ സ്വപ്നമാവുമ്പോള്‍ യുവാക്കള്‍ കര്‍മ്മരംഗത്തിറങ്ങണം. അതിനായി ജനാധിപത്യ ബോധം സൃഷ്ടിക്കുകയും ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടു വരികയുമാണ് പരിഹാരം. കോണ്‍ഗ്രസ് മുക്ത ഭാരതം സൃഷ്ടിക്കാന്‍ കേരളത്തില്‍ ആര്‍.എസ്.എസിന് സി.പി.എമ്മാണ് സഹായം ചെയ്യുന്നത്. മദ്യവിമുക്ത കേരളം എന്ന മുദ്രാവാക്യവുമായി വന്ന സര്‍ക്കാര്‍ പ്രളയ ദുരന്തത്തിന്റെ മറവില്‍ സംസ്ഥാനത്തെ മദ്യത്തില്‍ മുക്കുകയാണ്.
മദ്യനയത്തിന്റെ ഭാഗമായി ബിവറേജസ് കോര്‍പറേഷന്‍ വഴി വിദേശ നിര്‍മിത വിദേശമദ്യം കൊടുക്കാം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതു പോലും ഇപ്പോള്‍ ബാറുകള്‍, ക്ലബുകള്‍, വിമാനത്താവള ലോഞ്ചുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ബിയര്‍ വില്‍പന ശാലകള്‍ എന്നിവവഴി വിദേശ നിര്‍മിത വിദേശ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കികൊണ്ട് നവംബര്‍ 23ന് ഉത്തരവിറക്കിയിരിക്കുകയാണ്. ഇത് മദ്യനയം അട്ടിമറിച്ചുള്ള തീരുമാനമാണ്. ഇതിനു പിന്നില്‍ നടക്കുന്നത് വന്‍ അഴിമതി ആണ്. ഇത് മദ്യമാഫിയയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയാണെന്നും മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."