ഒ.ഡി.എഫ് പ്രഖ്യാപനത്തില്‍ മാത്രം; ഊര്‍ങ്ങാട്ടിരിയിലെ ആദിവാസി കോളനികളിലിപ്പോഴും കക്കൂസില്ല
അരീക്കോട്: സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ ഒ.ഡി.എഫ് പ്രഖ്യാപനം നടത്തിയെങ്കിലും ഊര്‍ങ്ങാട്ടിരിയിലെ ആദിവാസി കോളനികളിലിപ്പോഴും കക്കൂസില്ല. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം, നെല്ലിയായി, കുരീരി, കൊടുമ്പുഴ എന്നീ ആദിവാസി കോളനികളിലാണ് ശുചിമുറികളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചത്. സംസ്ഥാന സര്‍ക്കാരും ഊര്‍ങ്ങാട്ടിരി പഞ്ചായത്തും സമ്പൂര്‍ണ ശുചിമുറി പ്രഖ്യാപനം നടത്തിയതറിഞ്ഞപ്പോള്‍ അത്ഭുതപ്പെടുകയാണ് ആദിവാസി കുടുംബങ്ങള്‍. കാര്യം സാധിക്കണമെങ്കില്‍ ഇവര്‍ക്കിപ്പോഴും മലകയറല്‍ തന്നെ ശരണം. ഡെങ്കിപ്പനിയും പകര്‍ച്ചാവ്യാധികളും അനിയന്ത്രിതമായി തുടരുമ്പോഴും അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആദിവാസികള്‍ പറയുന്നു.
ശുചിത്വ മിഷനും ജലനിധിയും പഞ്ചായത്തും ചേര്‍ന്ന് തുടക്കമിട്ട പദ്ധതി എങ്ങുമെത്താതായതോടെ വലിയ പ്രയാസത്തിലാണിവര്‍. ശുചിത്വമിഷന്റെ 15.000 രൂപയും പഞ്ചായത്തിന്റെ 10000 രൂപയും ചെലവഴിച്ചാണ് പദ്ധതി തുടങ്ങിയത്.
ശുചിമുറി നിര്‍മാണത്തിനുള്ള പണം പൂര്‍ണമായും വിതരണം ചെയ്തിട്ടുണ്ടെന്നാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറയുന്നത്. എന്നാല്‍ ശുചിമുറി നിര്‍മിക്കാനുള്ള പണമൊന്നും കോളനികളിലെത്തിയിട്ടില്ല. ശുചിമുറിയുടെ ടാങ്ക്, തറ, ചുമര് എന്നിവ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. അഞ്ച് മാസം മുന്‍പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതെന്ന് ആദിവാസികള്‍ പറയുന്നു. പ്രവൃത്തി പൂര്‍ത്തീകരിച്ചതായി കാണിച്ച് കരാറുകാര്‍ പണം വാങ്ങി മുങ്ങിയിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. ശുചിമുറി നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ നൂറില്‍ പരം കുടുംബങ്ങളാണ് പ്രയാസം നേരിടുന്നത്. ഒ.ഡി.എഫ് പ്രഖ്യാപനം നടത്തിയ അധികൃതര്‍ ആദിവാസികള്‍ക്ക് നേരെയുള്ള ഇത്തരം ചൂഷണങ്ങളില്‍ മൗനം പാലിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."