കെ.എസ്.ആര്‍.ടി.സിക്ക് വായ്പ നല്‍കുന്നതിനെതിരായ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് 130 കോടി രൂപ വായ്പ നല്‍കുന്നതിനെതിരായ ഹരജി ഹൈക്കോടതി തള്ളി.
പൊതുസേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കെ.എസ്.ആര്‍.ടി.സി ലാഭത്തിലോ നഷ്ടത്തിലോ എന്നതു വിഷയമല്ലെന്നും വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കുന്ന സാഹചര്യത്തില്‍ വായ്പ അനുവദിക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സഹകരണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ബാങ്കിലെ അംഗങ്ങള്‍ക്കാണ് വായ്പ ലഭിക്കുകയെന്നിരിക്കെ കെ.എസ്.ആര്‍.ടി.സിക്ക് വായ്പ നല്‍കുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. സര്‍ക്കാര്‍ ഇതിനു ഗ്യാരന്റി നില്‍ക്കുമെന്നത് വായ്പ അനുവദിക്കാന്‍ മതിയായ കാരണമല്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിംഗിള്‍ബെഞ്ച് ഇതംഗീകരിച്ചില്ല. വായ്പാത്തുക കെ.എസ്.ആര്‍.ടി.സി തിരിച്ചടച്ചില്ലെങ്കില്‍ സര്‍ക്കാരിനാണ് തുക തിരിച്ചടക്കാന്‍ ബാദ്ധ്യതയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സഹകരണ ബാങ്കിന്റെ ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിനാല്‍ വന്‍ തുക വായ്പയായി നല്‍കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരമില്ലെന്നും ഹരജിക്കാരന്‍ വാദിച്ചിരുന്നു.
ഈ വാദം കോടതി തള്ളി. ആള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം.എന്‍ വിശാഖ് കുമാര്‍ നല്‍കിയ ഹരജിയാണ് സിംഗിള്‍ബെഞ്ച് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."