നെഹ്‌റുട്രോഫി വള്ളംകളി ഒരുക്കം വിലയിരുത്തി
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി പവലിയനുകളുടെ നിര്‍മാണം അവസാനഘട്ടത്തില്‍. നെഹ്‌റു പവിലിയനിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു. വള്ളംകല്‍യുടെ ഒരുക്കം വിലയിരുത്താന്‍ കലക്ടര്‍ വീണ എന്‍. മാധവന്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് വിലയിരുത്തല്‍.
ട്രാക്കുകളുടെ ആഴംകൂട്ടല്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖ പറഞ്ഞു. വി.വി.ഐ.പി.കള്‍ എത്തുന്ന നെഹ്‌റു പവിലിയനിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. നെഹ്‌റു പവിലിയനില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡിവൈ.എസ്.പി. എം.ഇ. ഷാജഹാന്‍ പറഞ്ഞു.
വള്ളംകളി മത്സരത്തിനെത്തുന്നവര്‍ക്ക് സുരക്ഷിത ഭക്ഷണം ലഭിക്കുന്നത് ഉറപ്പാക്കാന്‍ നഗരത്തിലെ ഹോട്ടലുകളിലും കടകളിലും കര്‍ശന പരിശോധന നടത്തണമെന്ന് കളക്ടര്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷണശാലകളില്‍ ആഹാരം പാചകം ചെയ്യുന്നിടങ്ങളിലെ ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ന്യായവില എന്നിവ ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
പുന്നമടയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചതായും ടാറിങ് ഉടന്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് നിരത്തുവിഭാഗം ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഉഷാകുമാരി അറിയിച്ചു.
മുങ്ങല്‍വിദഗ്ധരുടെയടക്കം നാലു ജില്ലകളിലെ ഫയര്‍റെസ്‌ക്യൂ ജീവനക്കാരുടെ സേവനം ലഭ്യമാക്കുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ എം.എസ്. സുവി പറഞ്ഞു. വള്ളംകളിയുടെ ആവശ്യത്തിനായി വാടകയ്ക്ക് എടുക്കുന്ന ബോട്ടുകളില്‍ ജി.പി.എസ്. സംവിധാനം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കാന്‍ ഡി.എം.ഒ.യ്ക്ക് നിര്‍ദേശം നല്‍കി.
സ്മരണിക കമ്മിറ്റി കണ്‍വീനറായ എ.ഡി.എം. എം.കെ. കബീര്‍, എന്‍.റ്റി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ ആര്‍.ഡി.ഒ. എസ്. മുരളീധരന്‍പിള്ള, ഐ.റ്റി. കമ്മിറ്റി കവീനറായ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. പാര്‍വതീദേവി, ഡിവൈ.എസ്.പി. എം.ഇ. ഷാജഹാന്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖ, ഡി.റ്റി.പി.സി. സെക്രട്ടറി എം. മാലിന്‍, ഐപി.ആര്‍.ഡി. അസിസ്റ്റന്റ് എഡിറ്റര്‍ എ. അരുണ്‍ കുമാര്‍, ഭക്ഷ്യസുരക്ഷ ഓഫീസര്‍ എം. മീരാദേവി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."