'ഒരുമ'യുടെ ജൈവ പച്ചക്കറിത്തോട്ടം
തളിപ്പറമ്പ്: ജൈവ പച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിച്ച് കൂവോട് ഒരുമ കുടുബശ്രീ കൂട്ടായ്മ മൂന്നാം വര്‍ഷത്തിലേക്ക്. വിഷരഹിത പച്ചക്കറികള്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ടുവര്‍ഷവും ഇല്ലംപറമ്പിലെ എട്ട് ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തുവന്നത്. ഇത്തവണ ഒരേക്കര്‍ തരിശുഭൂമി കൂടി കൃഷിയോഗ്യമാക്കി.
പ്രാദേശിക കര്‍ഷകരില്‍ നിന്നു ശേഖരിച്ച പച്ചക്കറി വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. പാവലും പയറും കക്കിരിയും ഇളവനും മത്തനും ചിരങ്ങയും പാവക്കയും ഒരുമയുടെ കൃഷിത്തോട്ടത്തില്‍ നൂറുമേനിയാണ് വിളവു നല്‍കുന്നത്. വന്‍ ഡിമാന്റുള്ള പച്ചക്കറികള്‍ മിതമായ വിലക്ക് ആളുകള്‍ക്ക് ലഭ്യമാക്കാന്‍ കുറ്റിക്കോല്‍ ദേശീയപാതയോരത്ത് ഏഴാംമൈലില്‍ ഒരുമ പച്ചക്കറി സ്റ്റാളും ഒരുക്കിയിട്ടുണ്ട്. തോട്ടത്തിലെത്തിയാണ് മിക്കവരും പച്ചക്കറി വാങ്ങുന്നത്. കൂവോട്ടെ 32 കുടുംബങ്ങളാണ് തോട്ടം ഒരുക്കിയത്. 26 സ്ത്രീകളും 10 പുരുഷന്മാരും വൈകുന്നേരം അഞ്ചുമുതല്‍ ഏഴുവരെയും അവധി ദിവസവും കൃഷിപ്പണിക്കായി സമയം കണ്ടെത്തുന്നു.
കൃഷിവകുപ്പും ജില്ലാ കൃഷിവിജ്ഞാന കേന്ദ്രവും നാട്ടുകാരും മികച്ച പിന്തുണയാണ് നല്‍കുന്നത്. വ്യാഴാഴ്ച വിളവെടുപ്പുത്സവം വാര്‍ഡ് കൗണ്‍സിലര്‍ എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കൃഷി അസി. ശ്രീകേഷ് അധ്യക്ഷനായി. വി. ഭാസ്ക്കരന്‍, എം.വി ഗോപാലന്, ടി. ചന്ദ്രന് സംസാരിച്ചു. പച്ചക്കറി വില്‍പ്പനക്കായി ഏഴാംമൈലില്‍ ഒരുക്കിയ ഒരുമ സ്റ്റാള്‍ മുന്‍ നഗരസഭാ വൈസ് ചെയര്മാന് ടി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കൂവോടിന്റെ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഒരുമ പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."