ജാര്‍ഖണ്ഡ്: മഹാസഖ്യം മുന്നേറ്റം തുടരുന്നു, മാറിമറിഞ്ഞ് ലീഡ് നില
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം എങ്ങും ആഞ്ഞടിക്കുന്നതിനിടെയുള്ള തെരഞ്ഞെടുപ്പു ഫലത്തിലേക്ക് ഉറ്റു നോക്കുകയാണ് രാജ്യം. എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യഫലസൂചനകള്‍ മഹാസഖ്യത്തിന് അനുകൂലമാണ്.
81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ ബി.ജെ.പിയും ജെ.എം.എം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യവും തമ്മിലാണ് മത്സരം.
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബി.ജെ.പിക്ക് തിരിച്ചടിയാകും. മഹസഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഛത്രയിലാണ് ഏറ്റവും കൂടുതല്‍ റൗണ്ടുകള്‍ വോട്ടെണ്ണല്‍ ആവശ്യമുള്ളത്. ചന്ദന്‍ക്യാരി, തോര്‍പ മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് റൗണ്ടുകള്‍ നടക്കുക. അതിനാല്‍ ഈ രണ്ട് മണ്ഡലങ്ങളിലെ ഫലമായിരിക്കും ആദ്യം പുറത്ത് വരുന്നത്. ഒരു മണിയോടെ തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം വ്യക്തമാകും. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയും ജെ.എം.എം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യവും തമ്മിലാണ്. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ജെ.എം.എം കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ചില പോളുകള്‍ തൂക്ക് സര്‍ക്കാരുകമെന്നും പ്രവചിക്കുന്നു. മുഖ്യമന്ത്രി രഖുബര്‍ ദാസിന്റെ മണ്ഡലമായ ജാംഷെഡ്പൂര്‍ ഈസ്റ്റില്‍ തന്നെ കടുത്ത മത്സരമാണ് നടക്കുന്നത്. സരയു റായി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗൗരവ് വല്ലഭ് എന്നിവരാണ് മുഖ്യമന്ത്രിയുടെ എതിരാളികള്‍.
41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പി ഇതിനോടകം പല പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."