ടൂറിസം മേഖല വീണ്ടും സജീവം, വിദേശ സഞ്ചാരികള്‍ എത്തിത്തുടങ്ങി
കൊച്ചി: ഓഗസ്റ്റിലെ പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. യു.കെയില്‍ നിന്നുള്ള ആയിരത്തിനടുത്ത് വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളാണ് കഴിഞ്ഞദിവസങ്ങളില്‍ നെടുമ്പാശേരിയിലെത്തിയത്. കപ്പല്‍ മാര്‍ഗവും വിദേശ വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലെത്തിയിരുന്നു. എറണാകുളം ആലപ്പുഴ ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എത്തിയ സഞ്ചാരികള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് നടത്തുക.
പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ആദ്യമായാണ് വിദേശ വിനോദ സഞ്ചാരികളുടെ വലിയ സംഘം എത്തുന്നത്. സംസ്ഥാനത്തെ പ്രളയം വിദേശ മാധ്യമങ്ങളില്‍ പോലും ഇടം നേടിയപ്പോള്‍ ഏറ്റവും ദോഷകരമായി ബാധിച്ചത് ടൂറിസം മേഖലയെ ആയിരുന്നു. കേരളത്തിലെ എയര്‍പോര്‍ട്ടുകളും യാത്രാ സൗകര്യങ്ങളും പൂര്‍ണമായും തകര്‍ന്നു എന്ന രീതിയിലുള്ള പ്രചാരണമാണ് നടന്നത്. ഓണം സീസണിലെ ടൂറിസം വ്യവസായം വന്‍ നഷ്ടത്തിലാണ് അവസാനിച്ചത്. പിന്നീട് മൂന്നു മാസക്കാലം കേരളത്തിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രളയത്തിനു ശേഷം ഉണ്ടായേക്കാവുന്ന മാലിന്യപ്രശ്‌നങ്ങളും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചേക്കാമെന്ന ഭീതിയും സഞ്ചാരികളുടെ വരവിനെ തടയിട്ടിരുന്നു.
ഇന്നലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഊഷ്മള സ്വീകരണമാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നല്‍കിയത്. പഞ്ചവാദ്യവും കഥകളിയും മുത്തുക്കുടയും സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുക്കിയിരുന്നു. 300 യാത്രക്കാരുമായി ഒരു വിമാനം കൂടി ഇന്നെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."