സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥിസംഗമം നാളെ കൊല്ലത്ത്
കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥി സംഗമം നാളെ കൊല്ലം പള്ളിമുക്കിലെ ജനതാ ഓഡിറ്റോറിയത്തില്‍ നടക്കും.
കേരളത്തിനകത്തും പുറത്തുമുള്ള 428 റെയ്ഞ്ചുകളില്‍നിന്നായി 2,568 സാരഥികള്‍ പങ്കെടുക്കുന്ന മുദരിബ് ലോഞ്ചിങ്, മാതൃകാ മുഅല്ലിം അവാര്‍ഡ് ദാനം, മുഅല്ലിം സുവര്‍ണ സേവന അവാര്‍ഡ് ദാനം, പഠന ക്ലാസ്, കൂട്ട പ്രാര്‍ഥന എന്നിവ സംഗമത്തില്‍ നടക്കും. രാവിലെ 8.30ന് സമസ്ത കൊല്ലം ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ പതാക ഉയര്‍ത്തും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മുദരിബ് ലോഞ്ചിങ്ങും നിര്‍വഹിക്കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ കൂട്ട പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.
'സംഘടന, സംഘാടനം: മികവിന്റെ തലങ്ങള്‍' എന്ന വിഷയത്തില്‍ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ക്ലാസെടുക്കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ടി.കെ ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍, സമസ്ത കൊല്ലം ജില്ലാ സെക്രട്ടറി ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി, സമസ്ത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശാജഹാന്‍ ദാരിമി, സെക്രട്ടറി നൗശാദ് ബാഖവി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ മാനേജര്‍ എം.എ ചേളാരി എന്നിവര്‍ സംസാരിക്കും.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. യൂനുസ് കുഞ്ഞ്, സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍, സെക്രട്ടറി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഇ. ശിഹാബുദ്ദീന്‍ ഫൈസി, സ്വാഗതസംഘം ട്രഷറര്‍ എ. അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ വച്ച് മുന്‍ എം.എല്‍.എ ഡോ. എ. യൂനുസ്‌കുഞ്ഞിനെ ഹൈദരലി ശിഹാബ് തങ്ങള്‍ ആദരിക്കും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് വിശ്രമത്തിനായി ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നം മസ്ജിദുല്‍ ഇജാബ, പുറക്കാട് മുസ്‌ലിം ജമാഅത്ത്, കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപമുള്ള പട്ടാളത്ത് പള്ളി, കര്‍ബല ഹാള്‍, കര്‍ബല അനെക്‌സ്, പള്ളിമുക്ക് യൂനുസ് ബി.എഡ് കോളജ്, കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ വിഖായ വളണ്ടിയേഴ്‌സിന്റെ സേവനവും ലഭ്യമാകും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. എ. യൂനുസ് കുഞ്ഞ്, രക്ഷാധികാരി സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എം. മഹ്മൂദ് മുസ്‌ലിയാര്‍, ജില്ലാ സെക്രട്ടറി ഷാജഹാന്‍ അമാനി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം അഹമ്മദ് ഉഖൈല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."