ചരക്ക് തീവണ്ടി വഴിമുടക്കി; നാട്ടുകാര്‍ വലഞ്ഞു
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് നിന്ന് കല്‍ക്കരിയുമായി പിറവത്തേക്ക് പോയ തീവണ്ടിയുടെ എന്ജിന് വലിക്കാതെ പാളത്തില്‍ കുടുങ്ങിയത് യാത്രക്കാരെ വലച്ചു. ലോഡ് വലിക്കാത്തതിനെ തുടര്‍ന്ന് തീവണ്ടി തിരിച്ച് തുറമുഖത്തേക്ക് തന്നെ വന്നു.
ഇതിനായി രണ്ട് തവണയാണ് വാത്തുരുത്തി റെയില്‍വേ ഗേറ്റ് അടച്ചത്. ഇത് മൂലം നിരവധി യാത്രക്കാരും വിദ്യാര്‍ഥികളും ദുരിതത്തിലായി.
ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അറുപത് ബോഗികളില്‍ നിറയെ ചരക്കുമായി പോയ തീവണ്ടി തേവര വിക്രാന്ത് പാലത്തിന് സമീപത്തെ പാളത്തിലെ കയറ്റം കയറാനാകാതെ കുടുങ്ങിയത്.
എഞ്ചിന് കാലപഴക്കമുള്ളതാണ് ഭാരം വലിക്കാതിരുന്നതിന് കാരണമെന്നാണ് സൂചന. ഇത് മൂലം ഒരു മണിക്കൂറാണ് യാത്രക്കാര്‍ക്ക് നഷ്ടമായത്. വിദ്യാര്‍ഥികള്‍ക്ക് സമയത്തിന് സ്ക്കൂളില്‍ എത്താനായില്ല. കാലപഴക്കം ചെന്ന റെയില്‍വേ ഗേറ്റും ഗതാഗത കുരുക്ക് രൂക്ഷമാക്കാന്‍ ഇടയാക്കി. പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക ലിഫ്റ്റിംഗ് ബാരിയര്‍ നിര്‍മ്മിക്കുന്നതിനുള്ള ജോലികള്‍ നേരത്തേ റെയില്‍വേ ആരംഭിച്ചിരുന്നു. എന്നാല്‍ പണി തുടങ്ങിയതോടെ നേവി എതിര്‍പ്പുമായി എത്തുകയും ജോലികള്‍ നിര്‍ത്തി വെക്കുകയും ചെയ്തു. പശ്ചിമകൊച്ചിയിലെ നൂറ് കണക്കിന് ആളുകളാണ് ഇത് വഴി യാത്ര ചെയ്യുന്നത്.
പാസഞ്ചര്‍ ട്രെയിന്‍ കൂടി സര്‍വ്വീസ് തുടങ്ങിയാല്‍ ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാകും. അതിനുള്ളില്‍ ആധുനിക റെയില്‍വേ ഗേറ്റ് സ്ഥാപിക്കുകയോ ഫ്ളൈ ഓവര്‍ നിര്‍മ്മിക്കുകയോ വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."