HOME
DETAILS
MAL
മുറിയാതെ പ്രതിഷേധ ശൃംഖല
backup
December 28 2019 | 06:12 AM
ലഖ്‌നൗ: ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി എന്നിവയ്‌ക്കെതിരായ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ഇന്നലെ ഡല്‍ഹിയില്‍ വിവിധ പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയത്. പ്രതിഷേധങ്ങളെ തടുക്കാന്‍ യു.പിയിലടക്കം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചെങ്കിലും ഇതൊന്നും സമരങ്ങളെ ബാധിച്ചിട്ടില്ല.
ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കെതിരേ പൊലിസ് കനത്ത ബന്തവസാണ് ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്തു പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ഇന്നലെ പ്രതിഷേധങ്ങളുണ്ടായി. ഉത്തര്‍പ്രദേശില്‍ 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ചിലയിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, യു.പിയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം യു.പിയിലെ എട്ടു ജില്ലകളിലായിരുന്നു ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്നലെ ഇതു 21 ജില്ലകളില്‍ ബാധകമാക്കി. വെള്ളിയാഴ്ച ജുമുഅയ്ക്കു ശേഷം പ്രതിഷേധങ്ങള്‍ക്കു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. എന്നാല്‍, ജുമുഅ നിസ്‌കാരത്തിനു ശേഷം ഇത്തരത്തിലുള്ള സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തലസ്ഥാനമായ ലഖ്‌നൗവിലടക്കം ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഈ നിയന്ത്രണം. ചിലയിടങ്ങളില്‍ നിയന്ത്രണം ഇന്നും തുടരും. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്കെതിരായ പൊലിസ് നടപടിയില്‍ യു.പിയില്‍ മാത്രം ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, യു.പിയിലെ ബുലന്ദ്ഷഹറിലടക്കം പ്രതിഷേധങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവങ്ങളില്‍ ഉത്തരവാദികളില്‍ ചിലര്‍ നഷ്ടപരിഹാരം നല്‍കിയെന്ന അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ബുലന്ദ്ഷഹറിലെ മുസ്‌ലിംകള്‍ ഉദ്യോഗസ്ഥര്‍ക്ക് 6.27 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറുന്ന ഫോട്ടോയടക്കം പുറത്തുവിട്ടാണ് യു.പി സര്‍ക്കാരിന്റെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."