ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പിതാവ്
കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് ലത്തീഫ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സുപ്രിംകോടതി അഭിഭാഷക ഇന്ദിര ജയ്സിംഗുമായി ഫാത്തിമയുടെ കുടുംബം ഇന്നലെ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി.
കേസന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഹൈക്കോടിതിയെ സമീപിക്കുന്നത്. ഈമാസം പകുതിയോടെ സി.ബി.ഐ കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണത്തില്‍ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല.
ഫാത്തിമയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെങ്കിലും ഫാത്തിമ മരിച്ച് 50 ദിവസം പിന്നിട്ടിട്ടും പ്രതികള്‍ക്കെതിരേ നടപടികള്‍ ഉണ്ടായിട്ടില്ല. കേസിന്റെ തുടക്കത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ഫാത്തിമയുടെ പിതാവ് ആരോപിച്ചു.
നവംബര്‍ ഒന്‍പതിനാണ് മദ്രാസ് ഐ.ഐ.ടി ഹോസ്റ്റല്‍മുറിയില്‍ ഫാത്തിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തന്റെ മരണത്തിനു കാരണം അധ്യാപകന് സുദര്ശന് പത്മനാഭനാണെന്ന് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ കുറിപ്പില്‍ ആരോപിച്ചിരുന്നു.
കോട്ടൂര്‍പുരം പൊലിസ് പ്രാഥമികാന്വേഷണം നടത്തിയ കേസ് പിന്നീട് ചെന്നൈ സിറ്റി പൊലിസിനു കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് (സി.സി.ബി.) കൈമാറിയിരുന്നു.
സി.സി.ബി അഡീഷനല്‍ കമ്മിഷണര്‍ സി. ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തുന്നതിനിടെ കേസ് കോടതി ഇടപെട്ട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."