ജീവത്യാഗം ചെയ്ത മഹാത്മാക്കളെ പുതിയ തലമുറ മറക്കുന്നു: വി.സി.കബീര്‍
പാലക്കാട് : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും രക്തവും സമ്പത്തും ത്യജിച്ച മഹാത്മാക്കളെ പുതിയ തലമുറ മറന്നുകൊണ്ടിരിക്കുകയാണെന്നു മുന്‍ മന്ത്രി വി.സി.കബീര്‍ മാസ്റ്റര്‍. കൊട്ടമൈതാനത്തെ രക്തസാക്ഷിമണ്ഡപത്തിന്റെ ശോചനീയാവസ്ഥപോലും അതാണ് വ്യക്തമാക്കുന്നത്. കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് നടത്തിയ 'ലിക്കര്‍ ക്വിറ്റ് ഇന്ത്യാ ദിന' സര്‍വ്വമത പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളടക്കമുള്ള യുവതലമുറകള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് കൊള്ളയും ബലാത്സംഗങ്ങളും കൊലയും വരെ നടത്തുമ്പോള്‍ ശക്തമായ നടപടികള്‍ എടുക്കേണ്ട ഭരണാധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഭരണഘടനയുടെ 47-ാം അനുഛേദത്തില്‍ അനുശാസിക്കുന്ന ഭാരതമൊട്ടാകെയുള്ള മദ്യ-ലഹരി നിരോധനമാണ് പരിഹാരമാര്‍ഗ്ഗമെന്നും അവ നടപ്പാക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ വൈ.പ്രസിഡണ്ട് എസ്.കുമാരന്‍ ചിറക്കാട് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.കെ.സുല്‍ത്താന്‍ മദ്യവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എം.രാമകൃഷ്ണന്‍., കെ.അബൂബക്കര്‍, എസ്.ശശീന്ദ്രന്‍, ഡോ.രഘുനാഥ് പാറയ്ക്കല്‍, റയ്മണ്ട് ആന്റണി, എം.പി.മത്തായി മാസ്റ്റര്‍, എ.വാസുദേവനുണ്ണി മാസ്റ്റര്‍, എം.ശിവരാജേഷ്, ആര്‍.സുരേന്ദ്രന്‍, കെ.എ.രഘുനാഥ്, ജി.രവീന്ദ്രന്‍, വി.മദനമോഹന്‍, എം.എസ്.അബ്ദുള്‍ ഗുദ്ദൂസ്, കെ.കുഞ്ചു, സ്വാമിനാഥന്‍ വെണ്ണക്കര, ഡോ.മാന്നാര്‍ ജി.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."