വളണ്ടിയര്‍ ടീം; ഇവരാണ് യഥാര്‍ഥ ഹീറോകള്‍
കൊല്ലം (കെ.ടി.മാനു മുസ്്ലിയാര്‍ നഗര്‍): ജനലക്ഷങ്ങളുടെ മഹാസംഗമം, ആയിരങ്ങള്‍ എത്തിയ പഠന ക്യാംപ്, അനുബന്ധ സമ്മേളനങ്ങള്‍... ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അറുപതാം വാര്‍ഷിക സമാപനം ചരിത്ര വിജയമാക്കിയതിന് പിന്നില്‍ വളണ്ടിയര്‍മാരുടെ കൈമെയ് മറന്നുള്ള പ്രവര്‍ത്തനവും. സംഘാടക സമിതിയോടൊപ്പം ചേര്‍ന്ന് സമ്മേളന നഗരിയില്‍ സേവന മികവോടെ വളണ്ടിയര്‍ ടീം സജീവമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് വിഖായ,ത്വലബാ വിങ് എന്നിവയുടെ അംഗങ്ങളാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചത്. 1800 ഓളം പേരാണ് സമ്മേളന നഗരിയില്‍ വിവിധ വിഭാഗങ്ങളിലായി സേവനം ചെയ്തിരുന്നത്. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ് ത്വലബ വിദ്യാര്‍ഥികള്‍. വിഖായ തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരാണ്.
ഊണും ഉറക്കവുമില്ലാതെ രാവും പകലും ഇവര്‍ സമ്മേളനത്തിനു കാവലും കരുത്തുമായി മാറുകയായിരുന്നു. ഓരോ ദിവസത്തേയും സമ്മേളന പരിപാടികള്‍ കഴിഞ്ഞാല്‍ രാത്രി തന്നെ അടുത്ത ദിവസത്തേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. കുറവുകളും പിഴവുകളും തിരുത്തി മുന്നേറാനുള്ള ഉര്‍ജ്ജം സമാഹരിക്കും. ആദ്യ ദിനം നഗരം ചുറ്റിയുള്ള ഇവരുടെ റാലിയും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
മെഡിക്കല്‍, ട്രാഫിക്, ഫുഡ് ആന്‍ഡ് വാട്ടര്‍, മീഡിയ, അക്കമഡേഷന്‍, ക്ലീനിങ്, ക്ലോക്ക് റൂം,ഭക്ഷണശാല, സ്വീകരണം, ക്യാംപ്, പാര്‍ക്കിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലായിരുന്നു പ്രവര്‍ത്തനം. പകല്‍,രാത്രി ഷിഫ്റ്റുകളിലായാണ് ഇവരെ സജ്ജീകരിച്ചത്.
സമ്മേളനത്തിനു രണ്ടു ദിവസം മുന്‍പേ രാത്രിയോടെ നഗരിയിലെത്തിയ വളണ്ടിയര്‍മാര്‍ സമ്മേളനം സമാപിച്ച ശേഷവും കര്‍മഭൂമിയില്‍ തന്നെയായിരുന്നു. 46 ബറ്റാലിയനുകളായാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരുന്നത്. അറുപത് ഇന്‍സ്പെക്ടര്‍മാരെ ഇതിനായി നിയമിച്ചിരുന്നു.
റഷീദ് ഫൈസി വെള്ളായിക്കോട് (ക്യാപ്റ്റന്‍), സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ജലീല്‍ ഫൈസി അരിമ്പ്ര (വൈസ്. ക്യാപ്റ്റന്‍), അബ്ദുസലാം ഫറോക്ക് (ഡയരക്ടര്‍), അബ്ദുല്‍ ബാസിത് ഹുദവി (അസി.ഡയരക്ടര്‍), സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍(കോ ഓഡിനേറ്റര്‍), സല്മാന് ഫൈസി, മുഹമ്മദ് ജുറൈജ് ഫൈസി (അസി.കോ ഓഡിനേറ്റര്‍), നിസാം ഓമശ്ശേരി, റഷീദ് വയനാട്, ആര്.വി അബൂബക്കര്‍ യമാനി, ഹബീബ് വരവൂര്‍, ആശിഖ് ഇബ്റാഹിം(ഒഫീഷ്യല്‍ ഡയരക്ടര്‍) എന്നിവരടങ്ങുന്ന സംഘമാണ് വളണ്ടിയര്‍ വിങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."