സി.പി.എം ബി.ജെ.പിക്ക് ശക്തി പകരുന്നു
നവാസ് പൂനൂര്‍#
സെമി ഫൈനല്‍ കഴിഞ്ഞു. ആവേശം നിറഞ്ഞ മത്സരത്തില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചു. വലിയ പ്രതീക്ഷയോടെ, അതിലേറെ അഹങ്കാരത്തോടെ തെരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ ബി.ജെ.പിക്കു കനത്ത പ്രഹരമാണ് അഞ്ചു സംസ്ഥാനങ്ങളിലുമുണ്ടായത്. തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതു മുതല്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ ബഹളമാണ്. നാലരവര്‍ഷമായി മനസില്‍ തിങ്ങി നിന്ന അമര്‍ഷം ഈ ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായതു മുതലുള്ള കഥകള്‍ നമുക്കറിയാം. ഗുജറാത്തിലെ നരഹത്യയിലൂടെ വലിയ താരമായി മാറിയ നരേന്ദ്രമോദി ബി.ജെ.പിയുടെ ക്രൗഡ്പുള്ളറായത് വളരെ പെട്ടെന്നായിരുന്നു. പ്രധാനമന്ത്രിക്കസേരയിലെത്തിയപ്പോഴാവട്ടെ അദ്ദേഹം സ്വയം മറന്നു. ബി.ജെ.പിയുടെ ഉന്നതനേതാവും മുന്‍ ഉപപ്രധാനമന്ത്രിയും തന്നെ രാഷ്ട്രീയത്തില്‍ ഉന്നതങ്ങളിലെത്താന്‍ സഹായിച്ചയാളുമായ എല്‍.കെ അദ്വാനിയെപ്പോലും മോദി അവഗണിച്ചു. വേദിയില്‍ മുഖാമുഖം കണ്ടാല്‍പ്പോലും അവഗണിച്ചു.
അധികാരത്തിലേറിയ മോദി അര്‍ധരാത്രിയില്‍ കുടപിടിക്കുകയായിരുന്നു. അന്‍പത്തിനാലു മാസം ഭരണത്തിലിരുന്ന മോദി എത്ര മാസം ഇന്ത്യയിലുണ്ടായിരുന്നെന്ന് ആലോചിച്ചാല്‍ അത്ഭുതം തോന്നും. എത്ര ദിവസം പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുത്തു. അദ്ദേഹം നിരന്തരം പറക്കുകയായിരുന്നു, ലോകം ചുറ്റിക്കറങ്ങുകയായിരുന്നു. രാഷ്ട്രത്തിന്റെ സമ്പത്തു മുടിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സി.പി.ഐയുടെ ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിനു വിദേശകാര്യ സഹമന്ത്രി വി.കെ സിങ് നല്‍കിയ മറുപടി ഞെട്ടിക്കുന്നതാണ്. 84 വിദേശയാത്രകള്‍ നടത്തിയ മോദി അതിനായി ചെലവിട്ട തുക 2000 കോടി രൂപയാണ്. സ്വതന്ത്രഭാരതത്തിലെ ഒരു പ്രധാനമന്ത്രിയും ഇത്രയേറെ യാത്ര നടത്തിയിട്ടില്ല. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍സിങ് വരെ ഇത്ര ഭീമമായ തുക യാത്രയ്ക്കായി ചെലവഴിച്ചിട്ടില്ല.
2014 ലെ തെരഞ്ഞെടുപ്പു വിജയത്തിന്റെ അഹങ്കാരത്തില്‍ പ്രതിപക്ഷത്തിനു മാന്യമായ പരിഗണന നല്‍കാന്‍ പോലും മോദി തയാറായിരുന്നില്ല. പ്രതിപക്ഷ നേതൃപദവി നല്‍കിയില്ല. ജനാധിപത്യത്തിനു മാത്രമല്ല മാന്യതയ്ക്കുപോലും നിരക്കാത്ത രീതിയിലാണു മോദി വാണത്. കോണ്‍ഗ്രസ് നേതാക്കളെ, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാന്‍ പോലും മോദി തയാറായി.
ഈ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന്റെ അടുത്ത ദിവസം പാര്‍ലമെന്റ് ആക്രമണത്തിന്റെ അനുസ്മരണച്ചടങ്ങില്‍ രാഹുലിനെ കണ്ടിട്ട് ഒന്നു മുഖം കൊടുക്കാന്‍ പോലും മോദി തയാറായില്ല. വിജയിയെ അഭിനന്ദിക്കാനുള്ള മനസ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മാത്രമല്ല വാജ്‌പേയി പോലും കാണിച്ചതാണ്.
നരേന്ദ്രമോദിയില്‍നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിച്ചു കൂടാ. ഇന്ത്യ ഒരേ മനസോടെ ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ അണിനിരക്കുകയാണ്. ആ അര്‍ഥത്തിലായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സെഫി ഫൈനല്‍ എന്നു വിളിച്ചത്. ഇന്ത്യയിലെ എല്ലാ മതേതര പാര്‍ട്ടികളും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒന്നിക്കുകയാണ്.
ആ കൂട്ടായ്മയില്‍ പങ്കുചേരാന്‍ സി.പി.എമ്മും തയാറാവണം. സങ്കുചിത ചിന്തകള്‍ മാറ്റിവയ്ക്കണം. അവരുടെ മനസിലെ കോണ്‍ഗ്രസ് വിരോധം ബി.ജെ.പിക്കുള്ള പിന്തുണയായി മാറുന്നുവെന്നതാണു സത്യം. നിലപാടു മാറ്റാന്‍ സി.പി.എം തയാറായില്ലെന്നു ബോധ്യപ്പെടുത്തുന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം.
രാജസ്ഥാനിലെ ബിലിബംഗാ നിയമസഭാ മണ്ഡലത്തിലെ കണക്കൊന്നു പരിശോധിക്കാം. ഇവിടെ കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടി. ബി.ജെ.പി സ്ഥാനാര്‍ഥി ധര്‍മേന്ദ്രകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനോദ് കുമാറിനെ പരാജയപ്പെടുത്തിയത് എത്ര വോട്ടിനെന്നറിയുമോ? 278 വോട്ടിന്. 140 വോട്ട് കൂടി കോണ്‍ഗ്രസിനു ലഭിച്ചിരുന്നുവെങ്കില്‍ ഈ മണ്ഡലവും ബി.ജെ.പിക്കു നഷ്ടപ്പെടുമായിരുന്നു. സി.പി.എം ഇവിടെ നേടിയ വോട്ട് 2659. സി.പി.എം പ്രതിനിധി മണി റാം നേടിയ ഈ വോട്ടുകള്‍ മതേതര വോട്ടുകളല്ലേ. അവ കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വീഴേണ്ടതായിരുന്നില്ലേ.
ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്വീകരിച്ച കോണ്‍ഗ്രസ് വിരുദ്ധ നിലപാട് ബി.ജെ.പിയെ വല്ലാതെ സഹായിച്ചു. എന്നിട്ടും അവര്‍ ബി.ജെ.പി വിരുദ്ധരെന്നു പറയുന്നു. ബി.ജെ.പിയെ ഭരണത്തില്‍നിന്നു തൂത്തെറിയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനേ കഴിയൂവെന്നു പ്രഖ്യാപിച്ചിട്ടും ബി.ജെ.പിക്കു സീറ്റ് വര്‍ധിപ്പിക്കാന്‍ സി.പി.എം നിലപാടു കാരണമായെന്നത് ആത്മഹത്യാപരമാണ്. രാജസ്ഥാനില്‍ സി.പി.എമ്മിനു വലിയ സ്വാധീനമൊന്നുമില്ലെന്നു മറ്റാരേക്കാളും അറിയുന്നവര്‍ അവര്‍ തന്നെയാണ്.
ഒരു സീറ്റുപോലും ജയിച്ചു കയറാനാവില്ലെന്നും അറിയാം. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചു കോണ്‍ഗ്രസിനെ തളര്‍ത്താനേ അവരുടെ നിലപാടിനു കഴിയൂ എന്ന് അവര്‍ക്കറിയാമായിരുന്നു. ഒരിക്കലും ജയിക്കില്ലെന്നുറപ്പുണ്ടായിട്ടും സി.പി.എം ഇവിടെ മത്സരിച്ചത് ആരെ സഹായിക്കാനാണ്. മതേതര ചേരിയില്‍ വിള്ളല്‍ വീഴ്ത്താന്‍ മാത്രമേ ഇതുകൊണ്ടു കഴിഞ്ഞുള്ളൂ.
മറ്റൊരു മണ്ഡലം കാണൂ. ഷുലേറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിധാദര്‍ ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍മല്‍ കുമാവത്തിനോട് പരാജയപ്പെട്ടതാവട്ടെ 1132 വോട്ടുകള്‍ക്കാണ്. ഇവിടെയും മതേതര ചേരിയില്‍ വിള്ളല്‍ സൃഷ്ടിച്ച് സി.പി.എം നേടിയതാവട്ടെ 3711 വോട്ടും. സി.പി.എമ്മിന്റെ ബന്‍വാരിലാലിനെ ഇവിടെയും രക്തസാക്ഷിയാക്കിയതിന്റെ നേട്ടം ബി.ജെ.പിക്ക്.
സി.പി.എം മത്സരിച്ച മറ്റു സീറ്റുകളില്‍ 500 വോട്ടു കൂടി കൂടുതല്‍ കിട്ടിയിരുന്നെങ്കില്‍ രാജസ്ഥാന്‍ ഇത്തവണയും ബി.ജെ.പി ഭരിച്ചേനെ. ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരാണെന്നു നാഴികയ്ക്കു നാനൂറു വട്ടം പറയുന്ന സി.പി.എം നിലപാടില്‍ മാറ്റം വരുത്താന്‍ ഇനിയും വൈകിക്കൂടാ. ഫാസിസത്തിനെതിരാണെന്നു പറയുന്ന ഈ വിപ്ലവപ്രസ്ഥാനം ഒന്നുകില്‍ ഈ പ്രചാരണം നിര്‍ത്തണം. അല്ലെങ്കില്‍ വാക്കും പ്രവൃത്തിയും ഒന്നാക്കണം.
മക്രാന മണ്ഡലത്തിലെ അവസ്ഥകൂടി പരിശോധിക്കാം. ബി.ജെ.പിയുടെ രൂപാറാം 1488 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസിന്റെ ജാക്കീര്‍ ഹുസൈനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തിനു കളമൊരുക്കിയതും സി.പി.എം തന്നെ. സി.പി.എമ്മിന്റെ നാരായണ്‍ റാം 2126 വോട്ട് നേടി. ഇതില്‍ 1064 വോട്ട് കിട്ടിയിരുന്നെങ്കില്‍ ഇവിടെയും കോണ്‍ഗ്രസ് വിജയിക്കുമായിരുന്നു.
27 സീറ്റിലാണ് രാജസ്ഥാനില്‍ സി.പി.എം മത്സരിച്ചത്. ഒരു മണ്ഡലത്തിലും രണ്ടു ശതമാനം വോട്ടുപോലുമില്ലാത്ത അവര്‍ ഈ തെരഞ്ഞെടുപ്പില്‍ കൈക്കൊണ്ട സമീപനം തികച്ചും അപലപനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."