ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണമാല കവര്‍ച്ച: ദര്‍ശനത്തിനെത്തിയ സ്ത്രീകളുടെ പത്തുപവന്റെ മാലകള്‍ നഷ്ടപ്പെട്ടു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രണ്ടു സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്നലെ ക്ഷേത്രദര്‍ശനത്തിനെത്തിയ ഇവരുടെ പത്തു പവന് സ്വര്‍ണമാണു നഷ്ടപ്പെട്ടത്.
പാലക്കാട് ചാഴിയാട്ടിരി പൂളക്കപറമ്പില്‍ ജയരാമചന്ദ്രന്റെ ഭാര്യ ഭാനുമതിയുടെ എട്ടു പവന്റെ മാലയും ഗുരുവായൂര്‍ പെരുമ്പിലാവില്‍ റോഡില്‍ കരുവെള്ളൂര്‍ പറമ്പില്‍വീട്ടില്‍ ബാലന് മേനോന്റെ ഭാര്യ ജാനകിയുടെ രണ്ടു പവന്റെ താലി മാലയുമാണു നഷ്ടപ്പെട്ടത്. ക്ഷേത്രത്തിനകത്ത് കൊടിമരത്തിനു സമീപം തിരക്കില്‍ നില്‍ക്കുമ്പോഴാണ് ഭാനുമതിയുടെ മാല മോഷ്ടാക്കള്‍ കവര്‍ന്നത്. ക്ഷേത്രത്തിനു പുറത്തെ ഊട്ടുപുരയ്ക്കു സമീപത്തുനിന്നാണ് ജാനകിയുടെ മാല മോഷണം പോയത്.
പ്രസാദ ഊട്ട് കഴിച്ച് കൈകഴുകുമ്പോഴാണു മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. ഇവിടെ നടത്തിയ തിരച്ചിലില്‍ താലി പിന്നീട് ഈട്ടുപുരയ്ക്കു സമീപത്തുനിന്നു കണ്ടെത്തി. മാല പൊട്ടിച്ചെടുക്കുന്നതിനിടെ താലി പൊട്ടി താഴെ വീണതാകാമെന്നാണു കരുതുന്നത്. രണ്ടു സംഭവത്തിലും ഗുരുവായൂര്‍ ടെമ്പിള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പൊലിസ് ക്ഷേത്രത്തിലെയും ക്ഷേത്രപരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."