പുത്തുമലക്കാരുടെ ആധിയായി ഗവ.ജി.എല്‍.പി സ്‌കൂള്‍
ഷഫീഖ് മുണ്ടക്കൈ
കല്‍പ്പറ്റ: ഉരുളെടുത്ത നാടും ജീവനുകളും ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്നതിനിടെ പുത്തുമലക്കാരുടെ 'ആധി'യായി തലമുറകള്‍ക്ക് അക്ഷരംപകര്‍ന്ന പുത്തുമല ഗവ.ജി.എല്‍.പി സ്‌കൂള്‍. സ്വന്തമായി കെട്ടിടമില്ലാത്ത സ്‌കൂളിന്റെ നിലനില്‍പ്പാണ് നാടിന്റെ ആധിയാകുന്നത്. ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം നിലവിലുണ്ടായിരുന്ന സ്‌കൂള്‍ കെട്ടിടം ഉപയോഗശൂന്യമാകുകയായിരുന്നു. പുത്തുമലയിലെ വനംവകുപ്പ് കെട്ടിടത്തിലാണ് ഉരുള്‍പൊട്ടലിനുശേഷം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തില്‍നിന്ന് ഒഴിയണമെന്നുള്ള നിര്‍ദേശമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചതോടെയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായത്. വനംവകുപ്പ് പിടികൂടുന്ന പാമ്പ് ഉള്‍പ്പെടെയുള്ള ജീവികളെ വനത്തില്‍ തുറന്നുവിടുന്ന പ്രദേശമായതിനാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും പ്രധാനാധ്യാപകനും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കുമായിരിക്കും ഉത്തരവാദിത്വമെന്നും കാണിച്ച് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും പ്രധാനാധ്യാപകനും കത്തുനല്‍കുകയായിരുന്നു. തുടര്‍ന്ന് ബദല്‍ സംവിധാനമൊരുക്കുകയോ സമീപപ്രദേശങ്ങളായ ചൂരല്‍മല, കള്ളാടി സ്‌കൂളുകളില്‍ ലയിപ്പിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പ്രധാനാധ്യാപകനും നോട്ടിസ് നല്‍കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സമീപപ്രദേശമായ ഏലവയലിലെ അങ്കണവാടി, മദ്‌റസ കെട്ടിടങ്ങളില്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള തീരുമാനത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.
ഏതെങ്കിലും സാഹചര്യത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അങ്കണവാടി കെട്ടിടമൊഴിയാന്‍ പറഞ്ഞാല്‍ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. അതേസമയം, സ്‌കൂളിനായി ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശമുള്ള സ്ഥലം താല്‍കാലികമായി അനുവദിച്ചിട്ടുണ്ട്. ഇവിടെ സ്‌കൂളിന് സ്വന്തം കെട്ടിടമൊരുക്കിയാല്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ നാടിന് നഷ്ടമാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഉരുള്‍പൊട്ടലിന് മുന്‍പ് 94 വിദ്യാര്‍ഥികളുണ്ടായിരുന്ന സ്‌കൂളില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയായി ഇപ്പോള്‍ 62 വിദ്യാര്‍ഥികളാണുള്ളത്. അധ്യാപകരുള്‍പ്പെടെ ഒന്‍പത് ജീവനക്കാരുമുണ്ട്. പുതുതായി കണ്ടെത്തിയ സ്ഥലത്ത് സ്‌കൂള്‍ നിര്‍മിച്ച് പതിറ്റാണ്ടുകള്‍ പഴക്കമുള്ള അക്ഷരമുറ്റം പുത്തുമലയില്‍ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."