പ്ലാസ്റ്റിക്‌രഹിത പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീ
.
തിരുവനന്തപുരം: പ്ലാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീയൊരുങ്ങുന്നു. സംസ്ഥാനത്ത് ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ സമ്പൂര്‍ണ നിരോധനം നിലവില്‍വരുന്ന ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക്കിന് ബദല്‍ സംവിധാനമെന്ന നിലയില്‍ തുണിസഞ്ചികള്‍ തയാറാക്കി വിപണിയിലെത്തിച്ചുകൊണ്ടാണ് കുടുംബശ്രീ ഈ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നത്.
തുണിസഞ്ചി നിര്‍മാണവും വിതരണവും കാര്യക്ഷമമാക്കുന്നതിന് അതത് ജില്ലാഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ ക്ലോത്ത്, ജ്യൂട്ട്, പേപ്പര്‍ എന്നിവ കൊണ്ട് ബാഗുകള്‍, കോട്ടണ്‍ പൗച്ചുകള്‍, കോട്ടണ്‍ ഷോപ്പര്‍, പാളപ്പാത്രങ്ങള്‍ എന്നിവ നിര്‍മിക്കുന്ന മൂവായിരത്തോളം യൂനിറ്റുകളുണ്ട്.
ഈ യൂനിറ്റുകള്‍ മുഖേന അതത് ജില്ലകളിലെ വിവിധ സ്ഥാപനങ്ങള്‍ക്കും മറ്റും ആവശ്യമായി വരുന്ന ഗുണനിലവാരമുള്ള തുണിസഞ്ചികളും മറ്റ് ഉല്‍പന്നങ്ങളും നിര്‍മിച്ചുനല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് പടിയിറങ്ങുന്നതോടെ വിപണിയില്‍ തുണിസഞ്ചികള്‍ക്കുണ്ടാകുന്ന വര്‍ധിച്ച ആവശ്യകത കണ്ടറിഞ്ഞ് നിലവിലെ യൂനിറ്റുകള്‍ക്ക് പുറമെ പത്തോളം അപ്പാരല്‍ പാര്‍ക്കുകളിലെ 1,000 സ്ത്രീകളെയും കുടുംബശ്രീ ഈ രംഗത്ത് വിന്യസിച്ചിട്ടുണ്ട്. അതത് ജില്ലകളിലെ യൂനിറ്റുകള്‍ വഴി പ്രതിദിനം 10 ലക്ഷം സഞ്ചികളെങ്കിലും നിര്‍മിച്ച് വിതരണംചെയ്യുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. 10 മുതല്‍ 50 രൂപ വരെ വിലയ്ക്കായിരിക്കും ഉല്‍പന്നങ്ങള്‍ ലഭ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."