സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പള്ളിക്കല്‍: സി.പി.എം പുത്തൂര്‍ പള്ളിക്കല്‍ ബ്രാഞ്ച് സെക്രട്ടറി പുതിയവീട്ടില്‍ മുജീബ് റഹ്മാനെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ വീട്ടിലും കടയിലും സംഘ്പരിവാറിന്റെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്ത രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തു.
പുത്തൂര്‍ പള്ളിക്കല്‍ കോഴിശ്ശേരിമാട്ടില് കെ.പി രാമന് (34), പള്ളിക്കല്‍ ബസാര്‍ മാവിഞ്ചോട് ജയന്ത് (23) എന്നിവരാണ് അറസ്റ്റിലായത്. 'ശബരിമലയിലെ ഹിന്ദു വിരുദ്ധ കമ്യൂണിസ്റ്റ് ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പ്പിക്കുക' എന്നെഴുതിയ ശബരിമല കര്‍മസമിതിയുടെ പേരിലുള്ള പോസ്റ്ററുകളാണ് മുജീബിന്റെ വീട്ടിലും കടയിലും പതിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പുത്തൂര്‍ ഏലോത്ത് ശിവക്ഷേത്രത്തില്‍ അഖണ്ഡയജ്ഞം നടക്കുന്നതിനോടനുബന്ധിച്ചു ക്ഷേത്രപരിസരത്തു സി.പി.എമ്മിനെതിരേയുള്ള പ്രസ്തുത പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ടു സി.പി.എം പ്രവര്‍ത്തകരും ആര്.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും മുജീബ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത രണ്ടു പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."