പ്ലാസ്റ്റിക് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍, ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ 10,000 രൂപ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്കുള്ള സമ്പൂര്‍ണ നിരോധനം നാളെ നിലവില്‍ വരുമെങ്കിലും തുടര്‍നടപടികളില്‍ അവ്യക്തത.
കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ഉത്തരവ് നടപ്പാക്കുന്നതിന്റെ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും പിഴ ഈടാക്കാന്‍ ആര്‍ക്കാണ് അധികാരം എന്നതില്‍ വ്യക്തത വന്നിട്ടില്ല.
നിലവിലുള്ള വ്യവസ്ഥകളനുസരിച്ച് തങ്ങള്‍ക്ക് അതിനുള്ള അധികാരമില്ലെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ഇതില്‍ വ്യക്തത വരുത്തണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് രണ്ടു പ്രാവശ്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ 10,000 രൂപയും രണ്ടാംവട്ടം 25,000 രൂപയും വീണ്ടും ആവര്‍ത്തിച്ചാല്‍ 50,000 രൂപയുമാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്.
അതിനു പുറമെ പിടിച്ചെടുക്കുന്ന വസ്തുക്കള്‍ എങ്ങോട്ടു മാറ്റും എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. വ്യാപാരികളുടെ പ്രതിഷേധത്തിനിടയാക്കും വിധം പരിശോധന കര്‍ശനമാക്കേണ്ടതുണ്ടോയെന്നതിലും സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഇന്നു ചേരുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."