സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നൈറ്റ്
തലശേരി: തലശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായുള്ള സംഘാടകസമിതി ഓഫിസ് 12ന് വൈകിട്ട് നാലിന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ശാരദാകൃഷ്ണയ്യര്‍ ഓഡിറ്റോറിയത്തിന് സമീപത്തെ തലശേരി വില്ലേജ് ഓഫിസിന് മുകളിലാണ് സംഘാടകസമിതി ഓഫിസ് പ്രവര്‍ത്തിക്കുക.
സപ്തംബര്‍ 10ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കുക. മലയാളത്തിലെ പ്രമുഖര്‍ അണിനിരക്കുന്ന മൂന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാപരിപാടികളും നടക്കും. അവാര്‍ഡ് നൈറ്റില്‍ ആദ്യകാല ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കും. ഫിലിംഅവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് മൂന്ന്ദിവസം നീളുന്ന മലയാള സിനിമ ചരിത്ര എക്‌സിബിഷനും തലശേരി വേദിയാവും.
ഏഴ്, എട്ട്, ഒന്‍പത് തിയതികളില്‍ വിപുലമായ അനുബന്ധപരിപാടികള്‍ക്ക് സംഘാടകസമിതി യോഗം രൂപം നല്‍കി. എട്ടിന് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഗാനമേള, ഒന്‍പതിന് ഫോക്‌ലോര്‍ അക്കാദമിയുടെ വിവിധ പരിപാടികള്‍ എന്നിവയുണ്ടാവും. രണ്ട് ടൂറിങ്ടാക്കീസുകള്‍ ചലച്ചിത്രങ്ങള്‍ അവതരിപ്പിക്കും.
കെയ്ക്ക്, സര്‍ക്കസ്, ക്രിക്കറ്റ്, കളരി എന്നിവയുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രത്യേക പ്രദര്‍ശനവും കെയ്ക്ക് മേളയുമൊരുക്കും. ചലച്ചിത്ര അവാര്‍ഡ് നൈറ്റിന്റെ സന്ദേശവുമായി ചിത്രകാരന്മാരുടെ ഇന്‍സ്റ്റലേഷനുമുണ്ടാവും. നവസിനിമയുമായി ബന്ധപ്പെട്ട മാധ്യമസെമിനാര്‍ സംഘടിപ്പിക്കാനും സംഘാടകസമിതി യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."