പ്ലാസ്റ്റിക്കിനു വിലക്ക്: ബദല്‍ സംവിധാനമായില്ല, നിരോധനത്തിനു ആറുമാസത്തെ സാവകാശം വേണമെന്നാവശ്യം
കൊച്ചി: പ്ലാസ്റ്റിക് നിരോധനത്തിന് ആറു മാസത്തെ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നല്‍കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനം നിലവില്‍ വരുന്നത്. പ്ലാസ്റ്റിക് നിര്‍മാതാക്കളില്‍ പലതും ചെറുകിട ഇടത്തരം വ്യവസായ സംരംഭകരാണ്. ബാങ്ക് വായ്പയെടുത്താണ് മിക്കവരും സംരംഭങ്ങള്‍ നടത്തുന്നത്. പെട്ടെന്നുള്ള നിരോധനം അവരുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും. നിര്‍മാതാക്കള്‍ക്ക് വന്‍ ബാധ്യത വരുത്തിവെക്കുമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക് എല്‍ അശ്വനി നല്‍കിയ നിവേദനത്തില്‍ പറയുന്നു.
നവംബറില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ അവരുടെ ഉല്‍പ്പന്നങ്ങളെ സംയോജിത പ്ലാസ്റ്റിക്കായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഇതിനായി സിപ്പെറ്റിന്റെ അംഗീകാരം നേടണം. ഇതുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് ആറുമാസം ആവശ്യമാണ്. ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വലിയ വര്‍ധനവുണ്ടാകാതെ അനുയോജ്യമായ ബദല്‍ പാക്കിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ സംരംഭകര്‍ക്ക് സമയം ആവശ്യമുണ്ട്. പ്ലാസ്റ്റിക് വസ്തുക്കളുടെ സ്റ്റോക്കുള്ള വ്യാപാരികളില്‍ പലരും കഴിഞ്ഞ നവംബറിലെ വിജ്ഞാപന പ്രകാരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്.
വ്യവസ്ഥ ലംഘിക്കുന്ന മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍ എന്നിവരുള്‍പ്പെടെയുള്ള നിര്‍മാതാക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും 10,000 രൂപ പിഴ ഈടാക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ആവര്‍ത്തിച്ചുള്ള കുറ്റത്തിന് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള വ്യവസ്ഥയും ഉണ്ട്. വാണിജ്യ- വ്യവസായ മേഖലകള്‍ ഇതിനകം തന്നെ രൂക്ഷമായ പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ജി.എസ്.ടിയും രാജ്യത്തെ പൊതുവിലുള്ള സാമ്പത്തിക മാന്ദ്യവും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും നിയമം നടപ്പിലാക്കുന്നതില്‍ ഇളവ് നല്‍കുന്നത് വ്യാപാര വ്യവസായമേഖലക്ക് സഹായകമാകും.
പ്ലാസ്റ്റിക്കിനെതിരായ വ്യാപകമായ പ്രചാരണം നല്‍കുന്നതിന് ആറ് മാസ കാലയളവ് ഫലപ്രദമായി ഉപയോഗിക്കാന്‍ സര്‍ക്കാരിനാകും. ബയോ ഡൈജസ്റ്റബിള്‍ കോമ്പോസിറ്റ് പ്ലാസ്റ്റിക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഈ കാലയളവില്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേ സമയം നാളെ മുതല്‍ നിലവില്‍ വരുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരെയുള്ള ഹരജിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇതുവരേ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ല. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നോണ്‍ വോവണ്‍ ബാഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ സ്റ്റേ ആവശ്യത്തില്‍ കോടതി ഇടപെട്ടിട്ടില്ല. നോണ്‍ വോവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നമാണെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി.
എന്നാല്‍, നോണ്‍ വോവണ്‍ ബാഗുകള്‍ സംഭരിക്കുന്നവര്‍ക്കെതിരായ നടപടികള്‍ കോടതി വിലക്കി. പ്ലാസ്റ്റിക് നിരോധനം കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും ഇത്തരമൊരു ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നുമാണ് ഹരജിക്കാരുടെ വാദം. കേന്ദ്ര സര്‍ക്കാറിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."