കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍മപദ്ധതി
തിരുവനന്തപുരം: കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് സാമൂഹ്യനീതി വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേര്‍ന്ന് കര്‍മപദ്ധതി ആവിഷ്ക്കരിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കരിക്കുലത്തില്‍ ഈ വിഷയം ഉള്‍പ്പെടുത്തും.
എക്സൈസിന്റെ ടോള്‍ ഫ്രീ നമ്പരായ 14405 സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കും. സ്കൂളുകളിലെ വിമുക്തി ക്ലബില്‍ സ്കൂള്‍ കൗണ്‍സിലേഴ്സ്, റിസോഴ്സ് അധ്യാപകര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തും.
എക്സൈസ് വകുപ്പിന്റെ 'വിമുക്തി സേന' എന്ന പദ്ധതിയില്‍ ഐ.സി.പി.എസ്, അങ്കണവാടി വര്‍ക്കര്‍മാരെക്കൂടി ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികള്‍ക്കുള്ള ശിശു സൗഹൃദ ഡീ അഡിക്ഷന് സെന്ററുകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കും.
എക്സൈസ്, പൊലിസ്, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, സാമൂഹ്യനീതി, വനിതാ ശിശുവികസനം എന്നീ വകുപ്പുകളുടെയും മെഡിക്കല്‍ കോളജിലെ സൈക്കാട്രി വിഭാഗം, ഐ.ആര്.സി.എകള്‍ എന്നിവരെയും ഉള്‍പ്പെടുത്തി ശില്പശാല സംഘടിപ്പിക്കും.
നാഷനല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഡ്രഗ് ഡിമാന്റ് റിഡക്ഷന്‍ പ്രകാരം വിവിധ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."