ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ക്ഷീരകര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം
എടച്ചേരി: കേരളാക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരത്തെ ക്ഷീര കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിവിധ നിര്‍ദേശങ്ങള്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ ക്ലാസില്‍ വച്ച് കര്‍ഷകര്‍ക്ക് നല്‍കി.
ഒരേ പ്രദേശത്തുള്ള ക്ഷീര കര്‍ഷകര്‍ സൊസൈറ്റിയില്‍ നല്‍കുന്ന പാലിന് നേരിയ തോതിലാണെങ്കിലും വ്യത്യസ്ത വിലയായിരുന്നു ലഭിച്ചത്. ഇത് കര്‍ഷകരില്‍ ഉളവാക്കിയ ആശങ്ക അകറ്റാനാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പശുവിന് കൊടുക്കുന്ന തീറ്റ മുതല്‍ അവയെ പരിചരിക്കുന്ന രീതി വരെ പാലിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് കര്‍ഷകര്‍ ക്ലാസില്‍ നിന്ന് മനസിലാക്കി. പശുവിന്റെ കറവയുടെ കാലാവധിക്കനുസരിച്ചും ഗുണനിലവാരത്തിന് മാറ്റം വരും.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ ബോധവല്‍കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെംബര്‍ വി. പങ്കജം അധ്യക്ഷയായി. ക്ഷീരകര്‍ഷക സംഘം പ്രസിഡന്റ് എ. ഭാസ്‌കരന്‍ മാസ്റ്റര്‍, ഡയറക്റ്റര്‍ എന്‍. മനോജ് കുമാര്‍ സംസാരിച്ചു. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ ആര്‍. രശ്മി, ക്ഷീരവികസന ഓഫിസര്‍ ഇ.എം പത്മനാഭന്‍ ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായ വിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."